ഒഡീഷ ട്രെയിനപകടം : നോർക്ക ഇടപെട്ട് 14 മലയാളികളെ നാളെ (ജൂൺ 5) നാട്ടിലെത്തിക്കും

0
92

വെളളിയാഴ്ച ഒഡീഷയിലെ ബാലാസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ നിന്നും രക്ഷപ്പെട്ട കേരളീയരായ യാത്രക്കാരെ നോർക്ക റൂട്ട്സ് ഇടപെട്ട് നാട്ടിലെത്തിക്കും. കൊൽക്കത്തയിൽ നിന്നും ചെന്നൈയിലേയ്ക്കുളള കോറമണ്ഡൽ ഷാലിമാർ എക്സ്പ്രസ്സിലെ യാത്രക്കാരായിരുന്നു അപകടത്തിൽ പെട്ട കേരളീയർ. ഇവരിൽ പത്തു പേരെ തമിഴ്നാട് സർക്കാർ ഏർപ്പാടാക്കിയ പ്രത്യേക ട്രെയിനിൽ ചെന്നൈയിലെത്തിച്ചു. ഇവരെ നോർക്ക ചെന്നൈ എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസർ അനു ചാക്കോയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇവർക്ക് പ്രാഥമികചികിത്സയും താമസസൗകര്യവും നോർക്ക റൂട്ട്സ് ഏർപ്പാടാക്കിയിരുന്നു. ഇവരിൽ മൂന്നു പേർ ഇന്ന് (ജൂൺ 4 ) രാത്രിയിൽ പുറപ്പെടുന്ന ട്രിവാണ്ട്രം മെയിലിലും, ബാക്കിയുളളവർക്ക് മാം​ഗളൂർ മെയിലിലും എമർജൻസി ക്വാട്ടയിൽ ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇവർ നാളെ കേരളത്തിലെത്തും. ഇവരിൽ പരിക്കേറ്റ ഒരുയാത്രക്കാരന് ആവശ്യമായ ചികിത്സയും ചെന്നൈയിൽ നിന്നും ലഭ്യമാക്കിയിരുന്നു.

അപകടത്തെതുടർന്ന് കടുത്ത മാനസികസംഘർഷത്തിലായിരുന്ന മറ്റ് നാലു പേരെ മുംബൈ എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസർ ഷമീംഖാൻ ഭൂവ നേശ്വറിൽ എത്തി സന്ദർശിച്ച് വിമാന ടിക്കുകൾ കൈമാറി. നാളെ (ജൂൺ 5 ) വിമാനമാർ​​​​​​ഗ്​ഗവും നാട്ടിലെത്തിക്കും. ഭുവനേശ്വറിൽ നിന്നും ഇൻഡി​ഗോ വിമാനത്തിൽ ബം​ഗലൂരു വഴി നാളെ രാത്രിയോടെ ഇവർ കൊച്ചിയിലെത്തും. കൊൽക്കത്തയിൽ റൂഫിങ്ങ് ജോലികൾക്കായി പോയ കിരൺ.കെ.എസ്, രഘു.കെ.കെ, വൈശാഖ്.പി.ബി, ബിജീഷ്.കെ.സി എന്നിവരാണിവർ. തൃശ്ശൂർ സ്വദേശികളാണ്.

അപകടവിവരം അറിഞ്ഞ ഉടനെതന്നെ നോർക്ക സി.ഇ.ഒ ഒഡീഷയിലെ മലയാളി പ്രവാസി സംഘടനകളുമായി ബന്ധപ്പെട്ട് അടിയന്തിരസഹായത്തിന് അഭ്യർത്ഥിച്ചിരുന്നു. ഇതിനോടൊപ്പം നോർക്ക മുംബൈ എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസർ ഷമീംഖാനെ അപകടസ്ഥലത്തെത്തി വേണ്ട സഹായങ്ങൾ ലഭ്യമാക്കുന്നതിനും നിയോ​ഗിച്ചു. ഒഡീഷയിലെ വിവിധ മലയാളി അസ്സോസിയേഷനുകൾ വഴി അപകടത്തിൽ ഉൾപ്പെട്ടവർക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കിയിരുന്നു.

ഓൾ ഇന്ത്യാ മലയാളി അസ്സോസിയേഷൻ പ്രതിനിധികളായ ചന്ദ്രമോഹൻ നായർ, വി. ഉദയ്കുമാർ, രതീഷ് രമേശൻ, സോണി.സിസി, കെ.മോഹനൻ എന്നിവർ സഹായങ്ങൾ ലഭ്യമാക്കുന്നതിന് സഹായം നൽകി. ഭുവനേശ്വർ എയിംസിലെ മെഡിക്കൽ പി.ജി വിദ്യാർത്ഥികൂടിയായ ‍ഡോ.മനു ഇവർക്ക് പ്രാഥമികശുശ്രൂഷ നൽകാനും ഒപ്പമുണ്ടായിരുന്നു. അപകടത്തിൽപെട്ടവരിൽ കൂടുതൽ മലയാളികൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും രക്ഷാദൗത്യം പൂർണ്ണമാകുന്നതുവരെ ഷമീംഖാൻ ഭുവനേശ്വറിൽ തുടരും. അപകടത്തിൽപെട്ട കേരളീയരെ നാട്ടിൽതിരിച്ചെത്തിക്കുന്നതിന് നോർക്ക റൂട്ട്സിന്റെ മുംബൈ, ബം​ഗലൂരു, ചെന്നൈ എൻ ആർ.കെ ഓഫീസർമാരേയും കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം സെന്റർ മാനേജർമാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

അപകടത്തിൽ പെട്ട കോറമണ്ഡൽ ഷാലിമാർ എക്സ്പ്രസ്സിലെയോ, യശ്വന്ത്പൂർ ഹൗറാ സുപ്പർഫാസ്റ്റ് ട്രെയിനിലേയോ കൂടുതൽ മലയാളി യാത്രക്കാരെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായാൽ +91-9495044162 (ഷമീംഖാൻ, മുംബൈ എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസർ, നോർക്ക റൂട്ട്സ്), അനു ചാക്കോ +91-9444186238 (എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസർ, നോർക്ക റൂട്ട്സ്, ചെന്നൈ), റീസ, ബംഗലുരു എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസർ ) എന്നീ നമ്പറുകളിലോ നോർക്ക റൂട്ട്സ് ​ഗ്ലോബൽ കോൺടാക്ട് സെന്ററിലോ 18004253939 (ടോൾ ഫ്രീ) നമ്പറിലോ അറിയിക്കാവുന്നതാണ്.