288 അല്ല, ഒഡിഷ ട്രെയിൻ ദുരന്തത്തിൽ കണ്ടെത്തിയത് 275 മൃതദേഹങ്ങൾ; സ്ഥിരീകരിച്ച് ഒഡിഷ ചീഫ് സെക്രട്ടറി

0
117

ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 275 ആണെന്ന് സ്ഥിരീകരിച്ച് ഒഡിഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന. കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകൾ പ്രകാരം ട്രെയിൻ അപകടത്തിലെ മരണസംഖ്യ 288 ആയിരുന്നു. എന്നാൽ, ചില മൃതദേഹങ്ങൾ രണ്ടു തവണ എന്നിയതായി കണ്ടെത്തി. അതിനാൽ ഔദ്യോഗികമായ മരണ സംഖ്യ 275 ആയി പുതുക്കി എന്ന് അദ്ദേഹം വ്യക്തമാക്കി. ഈ 275 മൃതദേഹങ്ങളിൽ 88 മൃദദേഹങ്ങൾ തിരിച്ചറിഞ്ഞതായും പ്രദീപ് ജെന അറിയിച്ചു.

1175 പേർക്കാണ് കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ പരുക്കേറ്റത്. അവരിൽ, 793 പേർ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് ശേഷം പുതിയ കണക്കുകൾ അപ്ഡേറ്റ് ചെയ്യും. കൂടാതെ, അപടകത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ ഡിഎൻഎ പരിശോധനക്ക് വിധേയമാക്കുമെന്നും ചീഫ് സെക്രട്ടറി പ്രദീപ് ജെന കൂട്ടിച്ചേർത്തു.

ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ ഉന്നത തല അന്വേഷണം പൂർത്തിയായതായി റെയിൽവേ അധികൃതർ അറിയിച്ചു.റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്നും അപകടത്തിന്റെ കാരണം തിരിച്ചറിഞ്ഞെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇലക്ട്രോണിക് ഇന്റർ ലോക്കിങ്ങിലെ പിഴവാണ് അപകട കാരണം. ഇന്നുതന്നെ ട്രാക്ക് പുനഃസ്ഥാപിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദുരന്ത ഭൂമിയിൽ നിന്ന് മൃതദേഹങ്ങൾ മുഴുവനായി നീക്കി. ബുധനാഴ്ച രാവിലെയോടെ ഗതാഗതം പുനസ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.