കാലവർഷം കേരള തീരത്തേക്ക്; തുടക്കം തെക്കൻ കേരളത്തിൽ

0
119

കാലവർഷം കേരളാ തീരത്തേക്ക്. കന്യാകുമാരി തീരത്തേക്ക് നീങ്ങിയ കാലവർഷം അടുത്ത ദിവസങ്ങളിൽ കേരളത്തിലെത്തും. പ്രതീക്ഷിച്ചതിലും വൈകിയാണ് മഴക്കാലം തുടങ്ങുന്നതെങ്കിലും ഇനിയുള്ള ദിവസങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ.

അടുത്ത ദിവസങ്ങളിൽ തന്നെ കാലവർഷത്തോട് അനുബന്ധിച്ച മഴ കേരളത്തിൽ കിട്ടിതുടങ്ങും. നേരത്തെ ജൂൺ നാലിന് കാലവർഷം കേരളത്തിലേക്ക് എത്തുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

എന്നാൽ പസഫിക്ക് സമുദ്രത്തിലെയും ഇന്ത്യൻ മഹാസമുദ്രത്തിലെയും ചുഴലിക്കാറ്റുകളുടെ സാന്നിധ്യം, കാലവർഷമെത്തുന്നതിനെ വൈകിപ്പിച്ചു. മെയ് 26ന് ശ്രീലങ്കൻ കരയിലെത്തേണ്ടിയിരുന്ന കാലവർഷം കര തൊട്ടത് ഏഴ് ദിവസം വൈകി ജൂൺ 2നാണ്. നിലവിൽ ലക്ഷദ്വീപ്, കോമോറിൻ തീരത്തായുള്ള കാലവർഷത്തിന് കേരളാതീരത്തേക്ക് എത്താൻ അനുകൂല സാഹചര്യമാണ്.

ആദ്യം മഴ കിട്ടുക തെക്കൻ കേരളത്തിലായിരിക്കും. നാളെയോടെ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടും. ഇത് പിന്നീട് ന്യൂനമർദ്ദമായി മാറുമെന്നാണ് വിലയിരുത്തൽ. ന്യൂനമർദ്ദം പശ്ചിമ തീരത്തേക്ക് നീങ്ങിയാൽ , പതിഞ്ഞ് തുടങ്ങുന്ന കാലവർഷം മെച്ചപ്പെട്ടേക്കും. ഇയാഴ്‌ച ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദ സാധ്യതയുണ്ട്.