2024 മെയ് മാസം തുറമുഖം കമ്മിഷന്‍ ചെയ്യുമെന്ന് അദാനി ഗ്രൂപ്പ്

0
99

വിഴിഞ്ഞം തുറമുഖ നിര്‍മാണം പൂര്‍ത്തിയാകാന്‍ ഇനി ഒരു വര്‍ഷം മാത്രമെന്ന് വ്യക്തമാക്കി അദാനി ഗ്രൂപ്പ്. 2024 മെയ് മാസത്തില്‍ തുറമുഖം കമ്മിഷന്‍ ചെയ്യുമെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രഖ്യാപനം. ഹഡ്‌കോ വായ്പ ലഭിച്ചതോടെ റെയില്‍വേ പാതയ്ക്കായുള്ള നടപടികള്‍ സര്‍ക്കാരും വേഗത്തിലാക്കി.

കേരളത്തിന്റെ സ്വപ്ന പദ്ധതി വിഴിഞ്ഞം തുറമുഖം അടുത്ത മെയ് മാസത്തില്‍ യാഥാര്‍ഥ്യമാകുമെന്നറിയിച്ചത് അദാനി പോര്‍ട്ട്‌സ് സിഇഒ കരണ്‍ അദാനിയാണ്. 2024 മാര്‍ച്ചില്‍ ഭാഗികമായി കമ്മീഷന്‍ ചെയ്യുന്ന തുറമുഖത്തിന്റെറ നിര്‍മാണം മെയ്യോടെ പൂര്‍ത്തിയാക്കുമെന്നായിരുന്നു മുംബൈയില്‍ കരണ്‍ അദാനിയുടെ പ്രതികരണം. പ്രതിമാസ അവലോകന യോഗത്തില്‍ അദാനി ഗ്രൂപ്പ് അധികൃതര്‍ സര്‍ക്കാരിനും ഇക്കാര്യം ഉറപ്പുനല്‍കിയിട്ടുണ്ട്. ഈ വര്‍ഷം സെപ്തംബര്‍, ഒക്ടോബര്‍, മാസങ്ങളില്‍ ആദ്യ കപ്പല്‍ എത്തിക്കാനാണ് നീക്കം.

തുറമുഖത്ത് സ്ഥാപിക്കാനുള്ള കൂറ്റന്‍ ക്രൈനുകളുമായി ചൈനയില്‍ നിന്നാണ് കപ്പലുകള്‍ എത്തുക. വിഴിഞ്ഞം സമരത്തെ തുടര്‍ന്ന് നാല് മാസത്തോളം നിര്‍മാണം തടസപ്പെട്ടെങ്കിലും കൂടുതല്‍ തൊഴിലാളികളെ ഉപയോഗിച്ചും അധിക സമയം പ്രവര്‍ത്തിച്ചും പ്രതിസന്ധി മറികടക്കാന്‍ നിര്‍മാണക്കമ്പനിക്കായി. ഇപ്പോള്‍ മണ്‍സൂണ്‍ വൈകുന്നതും അനുകൂലമാണ്. അദാനി ഗ്രൂപ്പിന് കരാര്‍ തുക നല്‍കുന്നതിലടക്കം സര്‍ക്കാരില്‍ സാമ്പത്തിക ഞെരുക്കം നേരത്തെ ഉണ്ടായിരുന്നു.

ഹഡ്‌കോ അനുവദിച്ച 2000 കോടി രൂപയുടെ വായ്പ ലഭ്യമായാല്‍ കെഎഫ്‌സിയില്‍ നിന്നെടുത്ത കടം തിരിച്ചടയ്കുന്നതിനൊപ്പം റെയില്‍വേ കണക്ടിവിറ്റിയുടെ നടപടികളും തുടങ്ങും. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കുകയാണ് ആദ്യ ഘട്ടം. ഒരു വര്‍ഷത്തിനകം തുറമുഖം കമ്മിഷന്‍ ചെയ്യുമെന്ന അദാനി ഗ്രൂപ്പിന്റെ പ്രഖ്യാപനം വന്നതോടെ സര്‍ക്കാര്‍ തല നടപടികള്‍ക്കും വേഗം കൂടിയിട്ടുണ്ട്.