ഗാന്ധിനഗർ ബാലാജി കോഫി ഹൗസിലെ വലിയ ഗ്ലോബിൽ കെ.ആർ. വിജയനും ഭാര്യ മോഹനയും ചേർന്ന് അടുത്ത യാത്രയ്ക്കായി തെരഞ്ഞെടുത്ത സ്ഥലമായിരുന്നു ജപ്പാൻ. അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു ഇരുവരും ഒന്നിച്ചുള്ള ജപ്പാൻ യാത്ര. എന്നാൽ ഇതിനിടെയാണ് ഹൃദയാഘാതം മൂലം വിജയൻ മരിച്ചത്.
എന്നാൽ വിജയന്റെ സ്വപ്നയാത്ര മോഹന പൂർത്തിയാക്കി. വിജയൻ ഇല്ലാത്ത മോഹനയുടെ ആദ്യയാത്ര. ‘അദ്ദേഹമാണ് തളരാൻ വിടാതെ, കാഴ്ചകൾ കണ്ടും അറിഞ്ഞും എന്റെ ഒപ്പമുണ്ടായിരുന്നത്’ മോഹന പറയുന്നു.
മാർച്ച് 22നു പുറപ്പെട്ട് ഏപ്രിൽ 6നു തിരിച്ചെത്തിയ യാത്രയിൽ ജപ്പാനും ദക്ഷിണ കൊറിയയും കണ്ടു. 15 ദിവസത്തെ യാത്രയിൽ മകൾ ഉഷ വി.പ്രഭു, മരുമകൻ മുരളീധര പൈ, കൊച്ചുമക്കളായ അമൃത, മഞ്ജുനാഥ് എന്നിവരായിരുന്നു ഒപ്പമുണ്ടായിരുന്നത്. ആ യാത്ര നീണ്ട് ഉത്തര കൊറിയയുടെ അതിർത്തി വരെയെത്തി.
ചായക്കടയിൽ നിന്നുള്ള വരുമാനം കൊണ്ട് 16 വർഷത്തിനകം 26 രാജ്യങ്ങളിലേക്കുള്ള യാത്ര ഇരുവരും ഒന്നിച്ചായിരുന്നു. ചേർത്തലയിൽനിന്നു കൊച്ചിയിലേക്കു ജീവിതം പറിച്ചുനട്ടതോടെയാണു സഞ്ചാരം ഹരമായത്. റഷ്യയിലേക്കാണ് ഇരുവരും ചേർന്നു നടത്തിയ അവസാന യാത്ര.
റഷ്യൻ യാത്ര കഴിഞ്ഞു മടങ്ങിയെത്തി ദിവസങ്ങൾക്ക് ശേഷമാണ് വിജയന്റെ മരണം.രണ്ടു വർഷത്തിനകമാകും അടുത്ത യാത്ര. 50 രാജ്യങ്ങളിലൂടെ യാത്രയെന്ന സ്വപ്നം കണ്ടതു വിജയനും മോഹനയും ചേർന്നാണ് വിജയന്റെ സ്വപ്നം പൂർത്തിയാക്കാൻ മോഹന യാത്ര തുടരുകയാണ്.