രാജ്യത്തെ നടുക്കിയ ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

0
46

രാജ്യത്തെ നടുക്കിയ ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ 50ലേറെ പേര്‍ മരിച്ചെന്നാണ് വിവരം. പ്രത്യേക സംഘവും നാട്ടുകാരും ചേര്‍ന്ന് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും മറ്റുപരുക്കുകള്‍ ഉള്ളവര്‍ക്ക് 50000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിലൂടെ അറിയിച്ചു.

കോറമണ്ഡല്‍ എക്‌സ്പ്രസ്സ്, ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ ദുഃഖം രേഖപ്പെടുത്തി.ഒഡിഷ മുഖ്യമന്ത്രി സ്ഥലെത്തി. 5 ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. ചെന്നൈയിലും കണ്ട്രോള്‍ റൂം തുറന്നു. നാല് തൃശൂര്‍ സ്വദേശികള്‍ക്കും അപകടത്തില്‍ പരുക്കേറ്റു. നാലുപേര്‍ക്കും ആശങ്കപ്പെടേണ്ട പരുക്കുകളില്ലെന്നാണ് പുറത്തുവരുന്ന വിവരം.

പശ്ചിമ ബംഗാളിലെ ഷാലിമാര്‍ സ്റ്റേഷനില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം 3.30നാണ് ട്രെയിന്‍ പുറപ്പെട്ടത്. നാളെ വൈകീട്ട് 4.50നാണ് ട്രെയിന് ചെന്നൈയില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ ഇന്ന് വൈകീട്ട് 6.30ഓടെ അപകടമുണ്ടാവുകയായിരുന്നു. പാളം തെറ്റിയ ബോഗികള്‍ പിന്നീട് മറ്റൊരു ട്രാക്കിലേക്ക് വീണു. ഇതിലേക്ക് യശ്വന്ത്പൂര്‍ ഹൗറ ട്രെയിനും വന്നിടിച്ചു. കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്. നിരവധി പേര്‍ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.