ഗുസ്തി താരങ്ങളുടെ തുടർ സമരപരിപാടികൾ ഇന്ന് പ്രഖ്യാപിക്കും

0
47

ഗുസ്തി ഫെഡറേഷൻ മുൻ ചെയർമാനും ലൈംഗിക പരാതിയിൽ കുറ്റാരോപിതനുമായ ബ്രിജ് ഭൂഷൻ ശരൺ സിംഗിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ തുടർ സമരപരിപാടികൾ ഇന്ന് പ്രഖ്യാപിക്കും. ഹരിയാനയിലെ കുരുക്ഷേത്രയിൽ ചേരുന്ന ഖാപ് മഹാ പഞ്ചായത്തിൽ ആയിരിക്കും ഭാവി സമരപരിപാടികൾ പ്രഖ്യാപിക്കുക. കഴിഞ്ഞ ദിവസം ശോറാമിൽ ചേർന്ന ഖാപ് മഹാ പഞ്ചായത്ത് യോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്തിരുന്നു. ആദ്യം വിളിച്ചത് കുരുക്ഷേത്രയിലെ പഞ്ചായത്ത് ആയതിനാൽ, തീരുമാനം ഇന്നത്തേക്ക് മാറ്റിവെച്ചു.

ഗുസ്തി താരങ്ങൾ എന്ത് തീരുമാനമെടുത്താലും പൂർണ്ണ പിന്തുണ നൽകുമെന്നു, ജയിക്കാതെ പിന്മാറില്ല എന്നുമാണ് ഖാപ് മഹാ പഞ്ചായത്തിന്റെ നിലപാട്. കുരുക്ഷേത്രയിൽ ചേരുന്ന പഞ്ചായത്തിൽ ഗുസ്തി താരങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കും എന്നാണ് സൂചന. അന്താരാഷ്ട്ര സംഘടനയായ യുണൈറ്റഡ് വേൾഡ് റസ്ലിംഗിന്റെ ഇടപെടലിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാറിനു മുകളിൽ സമ്മർദ്ദം ശക്തമാണ്. ഗുസ്തി താരങ്ങളുമായുള്ള ചർച്ചയ്ക്കു സർക്കാർ നീക്കങ്ങൾ ആരംഭിച്ചു എന്നാണ് വിവരം. അഞ്ചുദിവസത്തെ സമയപരിധി അവസാനിക്കുന്ന ഈ മാസം 4നകം തീരുമാനമുണ്ടായില്ലെങ്കിൽ മെഡലുകൾ ഗംഗാനദിയിൽ ഒഴുക്കുന്നതടക്കമുള്ള കടുത്ത സമര രീതികളിലേക്ക് കടക്കാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം.

ഗുസ്തി താരങ്ങൾ മെഡലുകൾ രാജ്യത്തിൻ്റേതെന്ന് ബ്രിജ് ഭൂഷൺ ശരൺ സിംഗ് പറഞ്ഞിരുന്നു. അത് നദിയിൽ ഒഴുക്കരുത്. വിഷയത്തിൽ അന്വേഷണം നടക്കുകയാണ്. എന്തിനാണ് ഇത്ര തിടുക്കം എന്നും ബ്രിജ് ഭൂഷൺ ചോദിച്ചു.

അന്വേഷണം പൂർത്തിയാക്കുന്നത് വരെ താരങ്ങൾ കാത്തിരിക്കണമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂറും പറഞ്ഞു. കായിക താരങ്ങൾക്ക് ദോഷമാകുന്ന നടപടികൾ സ്വീകരിക്കരുത്. മെഡൽ നദിയിലൊഴുക്കുന്നത് പോലെയുള്ള നടപടികൾ പാടില്ല. സർക്കാർ ഗുസ്‌തി താരങ്ങൾക്കൊപ്പമെന്നും മന്ത്രി പറഞ്ഞു.

ഗുസ്തി താരങ്ങളുടെ സമരത്തിൽ രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി ഇടപെട്ടിരുന്നു. അത്‌ലറ്റുകളെ സംരക്ഷിക്കണം എന്ന് ഒളിമ്പിക്സ് കമ്മറ്റി അവശ്യപ്പെട്ടു. ഗുസ്തി താരങ്ങളുടെ പരാതിയിൽ നിക്ഷ്പക്ഷമായ, കൃത്യമായ അന്വേഷണമുണ്ടാവണമെന്നും ഒളിമ്പിക്സ് കമ്മറ്റി വക്താവ് പറഞ്ഞതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.