അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിച്ച് അതിന്‍മേല്‍ ചര്‍ച്ച നടത്തി വിവാദം ഉണ്ടാക്കുകയെന്നതാണ് കേരളത്തിലെ മാധ്യമങ്ങളുടെ പൊതുരീതി.
അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നത്തെ മാധ്യമങ്ങളില്‍ ലോക കേരള സഭയുടെ അമേരിക്കയില്‍ നടക്കുന്ന മേഖലാ സമ്മേളനവുമായി ബന്ധപ്പെടുത്തി ഇന്ന് പുറത്തു വന്നിരിക്കുന്ന വാര്‍ത്തകള്‍.
മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാന്‍ 82 ലക്ഷം രൂപ എന്ന തലക്കെട്ടില്‍ മലയാള മനോരമ നല്‍കിയ വാര്‍ത്ത തെറ്റിധാരണ പരത്താനായി ദുരുദ്ദേശത്തോടെ പടച്ചതാണ്. ലോക കേരള സഭ ആരംഭിച്ചത് മുതല്‍ അതിനെതരിരെ വാര്‍ത്ത നല്‍കി തെറ്റിധാരണ സൃഷ്ടിക്കുകയെന്നതാണ് മാധ്യമങ്ങള്‍ അനുവര്‍ത്തിക്കുന്നത്. അതില്‍ മുന്‍പന്തിയില്‍ മനോരമയാണ്.
നിസാര കാര്യങ്ങളെ പോലും ഊതിപെരുപ്പിച്ച് വിവാദം ഉണ്ടാകി ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കുകയെന്ന ഗൂഡലക്ഷ്യം മാത്രമാണ് ഇതിന് പിന്നില്‍. പ്രവാസികളായ ലക്ഷകണക്കിന് പേരെ ബാധിക്കുന്ന വിഷയങ്ങളില്‍ പരിഹാരമുണ്ടാക്കാനും അവരുടെ ഉന്നമനത്തിനായും ലക്ഷ്യമിട്ട് ആരംഭിച്ച ലോക കേരള സഭയെന്ന സംവിധാനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഒരു നല്ല വാര്‍ത്ത പോലും ഇന്നേ നാള്‍ വരെ മലയാള മനോരമ നല്‍കിയിട്ടില്ല.
തെറ്റായ വാര്‍ത്ത നല്‍കി പ്രവാസികളെയും ഇവിടെയുള്ള ജനങ്ങളെയും തെറ്റിധരിപ്പിച്ച് സര്‍ക്കാരിന്‍റെ പ്രതിച്ഛായ തകര്‍ക്കുകയെന്നതാണ് പ്രതിപക്ഷത്തിനു വേണ്ടി മനോരമയും മറ്റ് മാധ്യമങ്ങളും ചെയ്യുന്നത്. അമേരിക്കയില്‍ നടക്കുന്ന ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാന്‍ 82 ലക്ഷം രൂപ എന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണ്.
ലോക കേരള സഭയുടെ അമേരിക്കയിലെ സമ്മേളനത്തിന്‍റെ മുഴുവന്‍ ചെലവും അവിടുത്തെ സംഘാടക സമിതിയാണ് വഹിക്കുന്നത്. അവര്‍ അതിന്‍റെ ചെലവ് കണ്ടെത്താനായി അവിടുത്തെ രീതിയിലുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക സ്വാഭാവികം.
ഈ പരിപാടിക്ക് സംസ്ഥാന ഖജനാവില്‍ നിന്ന് ആകെ ചിലവാകുന്നത് ഇവിടുന്നു പോകുന്നവരുടെ യാത്രക്കൂലി മാത്രമാണ്. ബാക്കിയെല്ലാ ചെലവുകളും സംഘാടക സമിതി വഹിക്കുന്നത് സംസ്ഥാന ഖജനാവില്‍ നിന്നും പണം ചെലവഴിക്കാതിരിക്കാനാണ്.
അതിന്‍റെ ഭാഗമായാണ് സ്പോണ്‍സര്‍മാരെ കണ്ടെത്തി ചെലവിനുള്ള പണം കണ്ടെത്തുന്നത്. അമേരിക്കയിലെ രീതി അനുസരിച്ച് ഇത്തരം പരിപാടികളില്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തുന്നത് വ്യത്യസ്ത നിരക്കുകളില്‍ സ്പോണ്‍സര്‍ഷിപ്പ് എങ്ങനെ ചെയ്യാമെന്ന് വിശദീകരിക്കുന്ന താരിഫ് ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊണ്ടാണ്.
അതില്‍ സ്പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച് വ്യത്യസ്ത നിരക്കുകളുടെ താരിഫും മറ്റ് വിവരങ്ങളും ഉണ്ടായിരിക്കും. സ്പോണ്‍സര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അവര്‍ക്ക് സൗകര്യപ്രദമായ നിരക്കിനനുസരിച്ച് പരിപാടിയുമായി സഹകരിക്കും.
സ്പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് അവരുടെ സ്ഥാപനത്തിന്‍റെ പരസ്യം അടക്കം പ്രദര്‍ശിപ്പിക്കാന്‍ സൗകര്യമൊരുക്കുക, ഇവരുടെ താമസം, യാത്ര എന്നിവ ഉള്‍പ്പെടുത്തുക ഇതൊക്കെ അവിടെ സാധാരണ സംഭവമാണ്.
ഇതിനെയാണ് മനോരമ ഇവിടെ ആഡംബര ഹോട്ടലില്‍ താമസം, യാത്രയ്ക്ക് ആഡംബര കാര്‍ എന്നൊക്കെ പടച്ചു വിടുന്നത്. അമേരിക്കന്‍ മലയാളികള്‍ ഇതൊക്കെ വായിച്ച് ചിരിക്കുന്നുണ്ടാകും. അവിടെ ഒരു പൊതുപരിപാടി നടക്കുമ്പോള്‍ അമേരിക്കയുടെ പലഭാഗങ്ങളില്‍ നിന്ന് പങ്കെടുക്കാന്‍ ആളുകള്‍ എത്തും
അവരുടെ താമസവും ഭക്ഷണവും യാത്രയുമൊക്കെ ഒരുക്കുകയെന്നത് സംഘാടകരുടെ ചുമതലയാണ്. അവര്‍ അവിടെ സാധാരണ ചെയ്യുന്ന ഒരു മാര്‍ഗം അതിനായി തെരഞ്ഞെടുത്തു.
മാത്രമല്ല പരിപാടിയുടെ എല്ലാ വരവ് ചെലവ് കണക്കുകളും സുതാര്യമാണെന്നും അതില്‍ ഓഡിറ്റിങ്ങ് ഉണ്ടാകുമെന്നും സംഘാടക സമിതി വ്യക്തമാക്കിയിട്ടുള്ളതാണ്. മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാന്‍ 82 ലക്ഷം എന്നത് ഒരു ഊതിപ്പെരുപ്പിച്ച ഭാവനയാണ്
പരിപാടിയുടെ വേദി സ്പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് അവരുടെ സ്ഥാപനത്തിന്‍റെ പരസ്യമോ മറ്റോ പ്രദര്‍ശിപ്പിക്കാന്‍ സൗകര്യം നല്‍കുന്നത് സാധാരണ സംഭവമാണ്. അത്തരത്തില്‍ ഓരോ സംഭവും സ്പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് അവര്‍ തെരഞ്ഞെടുത്ത താരിഫിനനുസരിച്ച സൗകര്യമൊരുക്കുകയെന്നത് സാധാരണ സംഭവമാണ്.
ഉദാഹരണത്തിന് മനോരമ ചാനലിലോ പത്രത്തിലോ പരസ്യം നല്‍കുന്നവര്‍ക്ക് നിങ്ങള്‍ സൗകര്യമൊരുക്കി നല്‍കുന്നില്ലെ. പലതരം ഘടനയില്‍ നിരക്കുകള്‍ നിശ്ചയിച്ചല്ലേ നിങ്ങള്‍ പരസ്യ ദാതാക്കളെ കണ്ടെത്തുന്നത്.
ലക്ഷ കണക്കിന് കോപ്പി അടിക്കുന്നു എന്ന് അവകാശപ്പെടുന്ന മനോരമയുടെ പരസ്യ ദാതാക്കളില്‍ പ്രധാനികള്‍ പ്രവാസി ബിസിനസുകാരല്ലെ. ഇതൊക്കെ മറച്ചു വെച്ചിട്ട് പ്രവാസികളുടെ ഗുണപരമായ മുന്നേറ്റത്തിന് വേണ്ടി പ്രയത്നിക്കുന്ന ഒരു പരിപാടിയെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിക്കുന്നത് ശരിയല്ല.
മറ്റൊരു കാര്യം ലോക കേരള സഭ ലോകത്താകെയുള്ള പ്രവാസികളുടെ പ്രശ്നങ്ങള്‍ അഡ്രസ് ചെയ്യാനും അത് ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്താനുമുള്ളൊരു വേദിയാണ്.
സ്വിച്ചിട്ടപോലെ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനാകില്ല. നിയമസഭയില്‍ ചര്‍ച്ച ചെയ്ത് പലപദ്ധതികളും യാഥാര്‍ത്ഥ്യമാക്കുന്നത് പോലെ ലോക കേരള സഭയില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളുടെയും പൂര്‍ത്തീകരണത്തിന് അതിന്‍റേതായ സമയം എടുക്കും.