10 ദളിതരെ കൂട്ടക്കൊല ചെയ്ത കേസിൽ 90 കാരനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു

0
155

10 ദളിതരെ കൂട്ടക്കൊല ചെയ്ത കേസിൽ 90 കാരനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 42 വർഷം പഴക്കമുള്ള കേസിലാണ് ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലാ കോടതി വിധി പറഞ്ഞത്. പ്രതിയായ ഗംഗാ ദയാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തത്തിന് പുറമെ 55,000 രൂപ പിഴയും വിധിച്ചു.

രാജ്യത്തെ നടുക്കിയ 1981ലെ കൂട്ടക്കൊലക്കേസിലാണ് കോടതി വിധി പറഞ്ഞത്. 1981ൽ ഫിറോസാബാദിലെ സദുപൂർ ഗ്രാമത്തിലുണ്ടായ വെടിവെപ്പിൽ 10 ദളിതർ കൊല്ലപ്പെട്ടിരുന്നു. കൂടാതെ 3 പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ മഖൻപൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും 10 പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസമാണ് ഈ കേസിൽ കോടതി ശിക്ഷ വിധിച്ചത്. ജീവിച്ചിരിക്കുന്ന ഏക പ്രതിയായ ഗംഗാ ദയാലിന് ജീവപര്യന്തം തടവും 55,000 രൂപ പിഴയുമാണ് ജില്ലാ കോടതി വിധിച്ചത്. നേരത്തെ ഈ കേസിൽ ശിക്ഷിക്കപ്പെട്ട 9 പേർ മരിച്ചിരുന്നു. പിഴ അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രതി 13 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.

‘തീരുമാനം രാജ്യത്തിനാകെ ഒരു സന്ദേശമാണ്. 42 വർഷത്തിന് ശേഷമാണ് ജീവിച്ചിരിക്കുന്ന ഒരേയൊരു പ്രതിയുടെ ശിക്ഷയും വിധിയും ഉണ്ടായത്. എന്റെ കുടുംബത്തിലെ മുതിർന്നവർ ജീവിച്ചിരിക്കുകയും മറ്റ് 9 കുറ്റാരോപിതർ കൂടി ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു’ – കൊല്ലപ്പെട്ടവരിൽ ഒരാളായ മഹാരാജ് സിംഗിൻ്റെ ബന്ധു പറഞ്ഞു. സംഭവസമയത്ത് താൻ ജനിച്ചിട്ടില്ലെന്നും എന്നാൽ തന്റെ കുടുംബത്തിലെ 4 പേർ കൊല്ലപ്പെട്ടതായും അയൽപക്കത്തുള്ള മറ്റ് 6 പേരെയും ചിലർ കൊന്നതായി മുതിർന്നവർ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മഹാരാജ് സിംഗ് പറഞ്ഞു.