9-ാം സംസ്ഥാന സഹകരണ കോണ്‍ഗ്രസ്സ് ഡിസംബര്‍ അവസാനം തിരുവനന്തപുരത്ത്

0
197

സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന 9-ാം സംസ്ഥാന സഹകരണ കോണ്‍ഗ്രസ്സ് ഡിസംബര്‍ അവസാന വാരം തിരുവനന്തപുരത്ത് വച്ച് നടക്കും. സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്റെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന ഉന്നത തല യോഗമാണ് സഹകരണ കോണ്‍ഗ്രസ്സ് തിരുവനന്തപുരത്ത് വച്ച് നടത്താന്‍ തീരുമാനിച്ചത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സഹകരണ കോണ്‍ഗ്രസ്സില്‍ സഹകരണ മേഖലയെ ബാധിക്കുന്ന പ്രശ്‌നങ്ങളും, മൂന്നേറ്റം ഉണ്ടാക്കാവുന്ന മേഖലകളെയും സംബന്ധിച്ച് ചര്‍ച്ചകളും, സെമിനാറുകളും, പ്രബന്ധാവതരണവും നടക്കും.

സഹകരണ മേഖലയില്‍ നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് 5 വര്‍ഷത്തിലൊരിക്കലാണ് കോണ്‍ഗ്രസ്സ് സംഘടിപ്പിച്ചിരുന്നത്. 2018ല്‍ കണ്ണൂരില്‍ വച്ച് നടന്ന 8-ാം സഹകരണ കോണ്‍ഗ്രസ്സിലാണ് 3 വര്‍ഷത്തിലൊരിക്കല്‍ കോണ്‍ഗ്രസ്സ് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ കോവിഡ് മഹാമാരി കാരണം 2021ന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല. വിദേശ രാജ്യങ്ങളില്‍ നിന്നും, ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുമടക്കം സഹകാരികള്‍ എത്തുന്ന സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള സഹകാരികള്‍ അടക്കം 3000-ഓളം പ്രതിനിധികള്‍ പങ്കെടുക്കും സംസ്ഥാന സഹകരണ യൂണിയന്‍ സഹകരണ വകുപ്പിന്റെയും മറ്റു അപ്പക്‌സ് സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് സഹകരണ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്..രാജ്യത്തെ സഹകാരികളുടെ ഏറ്റവും വലിയ സമ്മേളനമായി സഹകരണ കോണ്‍ഗ്രസ് മാറും.

സഹകരണ കോണ്‍ഗ്രസ്സിന്റെ വിജയത്തിനായി ഈ മാസം 30-ന് വൈകുന്നേരം 3 മണിയ്ക്ക് സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് സ്വാഗത സംഘം രൂപീകരണ യോഗം നടക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട്.എന്‍.കൃഷ്ണന്‍ നായര്‍ അറിയിച്ചു.