ജലന്ധർ ബിഷപ്പ് സ്ഥാനത്തുനിന്ന് ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു

0
134

ജലന്ധർ ബിഷപ്പ് സ്ഥാനത്തുനിന്ന് ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു. ഫ്രാങ്കോയുടെ രാജിബി മാർപാപ്പ സ്വീകരിച്ചു. ഇത് അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി. നേരത്തെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടിരുന്നു.

ബിഷപ്പ് എമരിറ്റസ് എന്ന് പേരിൽ ഫ്രാങ്കോ ഇനി അറിയപ്പെടും. ജലന്തർ രൂപതയുടെ നല്ലതിനും ഒരു പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജിയെന്ന് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. പ്രത്യക്ഷമായും പരോക്ഷമായും കുറേ അനുഭവിച്ചു. പ്രാർഥിച്ചവർക്കും കരുതലേകിയവർക്കും നന്ദി. താനൊഴുക്കിയ കണ്ണീർ സഭയുടെ നവീകരണത്തിന് കാരണമാകട്ടെ എന്നും രാജിവാർത്ത അറിയിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ തന്നെ 2014 മുതൽ 2016 വരെ 13 തവണ ബലാത്സംഗം ചെയ്തു എന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നൽകിയ പരാതിയിലാണ് ബിഷപ് ഫ്രാങ്കോക്ക് എതിരെ കുറവിലങ്ങാട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

നേരത്തെ 2018 സെപ്റ്റംബറിൽ ബലാത്സംഗ കേസിൽ പ്രതി ചേർത്തതിനെ തുടർന്ന് ബിഷപ്പിനെ രൂപതയുടെ ചുമതലകളിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പ താൽക്കാലികമായി ഒഴിവാക്കിയിരുന്നു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയതിനെതിരായ ഹ‍ര്‍ജി കോടതിയുടെ പരിഗണനയിരിക്കെയാണ് രാജി.