യുഎഇ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി; ഇനിയും അംഗമാകാത്തവർക്ക് നിർദേശവുമായി അധികൃതർ

0
209

യുഎഇ പ്രഖ്യാപിച്ച തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ഇനിയും അംഗമാകാത്തവർക്ക് നിർദേശവുമായി അധികൃതർ. പദ്ധതിയിൽ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം. ചെയ്തിരുന്ന ജോലിയുടെ അടിസ്ഥാന ശമ്പളത്തിന്റെ അറുപത് ശതമാനം മൂന്ന് മാസം ലഭിക്കുന്നതമാണ് ഇൻഷുറൻസ് പദ്ധതി. ജൂൺ 30നാണ് അപേക്ഷിക്കാനുള്ള കാലാവധി അവസാനിക്കുക.

സ്വന്തം കാരണത്താൽ തൊഴിൽ നഷ്ടപ്പെടുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 2023 ജനുവരി 1 മുതൽ സ്വകാര്യ, ഫെഡറൽ ഗവൺമെന്റ് മേഖലകളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഈ സമയപരിധിയാണ് ജൂൺ 30ഓടെ അവസാനിക്കുക.

16,000 ദിർഹത്തിൽ താഴെ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാർ പ്രതിമാസം 5 ദിർഹം അല്ലെങ്കിൽ പ്രതിവർഷം 60 ദിർഹം കൂടാതെ വാറ്റ് പ്രീമിയമായി നൽകേണ്ടതുണ്ട്. തുടർച്ചയായി മൂന്ന് മാസത്തെ തൊഴിൽ നഷ്ടത്തിന് ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം നഷ്ടപരിഹാരം നൽകും. 16,000 ദിർഹത്തിന് മുകളിൽ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാർ ഈ സ്‌കീമിന് കീഴിൽ പ്രതിമാസം 10 ദിർഹം അല്ലെങ്കിൽ 120 ദിർഹം വാർഷിക പ്രീമിയം നൽകേണ്ടതുണ്ട്.

നിക്ഷേപകർ, വീട്ടുജോലിക്കാർ, താൽക്കാലിക കരാർ തൊഴിലാളികൾ, 18 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവർ, പെൻഷന് അർഹതയുള്ളവരും പുതിയ ജോലിയിൽ ചേർന്നവരുമായ വിരമിച്ചവർ എന്നിവരെ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രണ്ട് വർഷം വരെയാണ് പോളിസി കാലയളവുള്ളത്. ദുബായ് ഇൻഷുറൻസിൽ നിന്നുള്ള സബ്‌സ്‌ക്രിപ്ഷൻ സൗജന്യമാണ്. എന്നാൽ എക്‌സ്‌ചേഞ്ച് ഹൗസുകൾ, ടെലികോം സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയ സേവനങ്ങൾക്ക് അധിക ഫീസ് ഈടാക്കാം. പദ്ധതിയിൽ ചേരുന്നവർ കുറഞ്ഞത് 12 മാസത്തേക്ക് വിഹിതം അടയ്ക്കണം. ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള നടപടിക്രമങ്ങൾ ചെയ്യേണ്ടത് തൊഴിലാളികൾ തന്നെയാണ്.