ഫിക്കി മിഡിൽ ഈസ്റ്റ് ചെയർമാനായി ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സ് എം.ഡി അദീബ് അഹമ്മദിനെ നിയമിച്ചു

0
75

ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിനെ മിഡിൽ ഈസ്റ്റ് കൗൺസിലിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി (FICCI) ചെയർമാനായി നിയമിച്ചു. ഡൽഹിയിൽ ബുധനാഴ്ച നടന്ന ഫിക്കി മിഡിൽ ഈസ്റ്റ് കൗൺസിലിന്റെ ആറാമത്തെ യോഗത്തിലാണ് അദീബ് അഹമ്മദിനെ ചെയർമാനായി തിരഞ്ഞെടുത്തത്. യോ​ഗത്തിൽ FICCI സെക്രട്ടറി ജനറൽ ശൈലേഷ് പതക്, സീനിയർ ഡയറക്ടറും, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ റീജിയൻ ഹെഡുമായ ​ഗൗതം ഘോഷ്, ജോയിന്റ് ഡയറക്ടറും, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ ഹെഡുമായ ദീപ്തി പന്ത്, തുടങ്ങിയവരും പങ്കെടുത്തു.
തുടർന്ന് നടന്ന യോ​ഗത്തിൽ ഇരുമേഖലകളിലെയും വ്യാവസായിക രം​ഗത്ത് വർദ്ധിച്ചുവരുന്ന നിക്ഷേപ അവസരങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. അതോടൊപ്പം അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ആസൂത്രണവും, അത് നടപ്പിലാക്കുന്നതിനായി ബിസിനസ്സ് കമ്മ്യൂണിറ്റിയിൽ നിന്നുള്ള രാജ്യത്തിൻ്റെ അംബാസഡർമാരെ കണ്ടെത്തുകയും ചെയ്തു.

സാമ്പത്തിക സേവന രം​ഗത്തും, ഹോസ്പിറ്റാലിറ്റി ബിസിനസ്സ് രം​ഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ സംരംഭകനാണ് അദീബ് അഹമ്മദ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന് മിഡിൽ ഈസ്റ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡം, ഏഷ്യ-പസഫിക് മേഖലകളിലെ പത്തോളം രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. ഇന്ത്യയിൽ എൻബിഎഫ്‌സി രംഗത്ത് ലുലു ഫിൻസെർവ്, ക്രോസ്-ബോർഡർ പേയ്‌മെന്റ് കമ്പനിയായ ലുലു ഫോറെക്‌സ് എന്നിവയുൾപ്പെടെ 40 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. കൂടാതെ ആഡംബര ഹോസ്പിറ്റാലിറ്റി രം​ഗത്തും സജീവമാണ്. നിരവധി വർഷങ്ങളായി ഇന്ത്യൻ വ്യാവസായ രം​ഗത്ത് നിറഞ്ഞുനിൽക്കുന്ന അദീബ് അഹമ്മദ് ജിസിസി രാജ്യങ്ങളും, ഇന്ത്യയും തമ്മിലുള്ള വ്യാവസായിക സാമൂഹിക ബന്ധം മെച്ചപ്പെടുത്താൻ സജീവമായി പിൻതുണയും നൽകി വരുന്നുണ്ട്.

ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഒവൈസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഉച്ചകോടി സ്വാഗതം ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിലെ ഡെവലപ്‌മെന്റ് പാർട്ണർഷിപ്പ് ജോയിന്റ് സെക്രട്ടറി സതീഷ് ശിവനും ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ എന്നിവരും പങ്കെടുത്ത ചർച്ചയും നടന്നു. അതോടൊപ്പം ഒമാനിലെ ഓയിൽ സാധ്യതകളെക്കുറിച്ചുള്ള സെമിനാറും നടത്തി.

ഇന്ത്യൻ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം സമീപകാലത്ത് 150 ബില്യൺ ഡോളറിനെ മറികടന്ന് പുതിയ ഉയരങ്ങൾ കൈവരിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 10% ത്തിലധികം ജിസിസി രാജ്യങ്ങൾ ഏറ്റെടുത്തതോടെ , ഇന്ത്യൻ കയറ്റുമതിയുടെ പ്രധാന ലക്ഷ്യസ്ഥാനമായി ഉയരുകയും ചെയ്തു. കൂടാതെ, ജിസിസിയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി മൊത്തം ഇറക്കുമതി അളവിന്റെ 18 ശതമാനത്തിലധികവുമായി മാറി.

ഇന്ത്യയും വിവിധ ജിസിസി രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ FICCI മിഡിൽ ഈസ്റ്റ് കൗൺസിൽ വ്യാപാരം വർദ്ധിപ്പിക്കുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ചർച്ചകൾ നടത്തുന്ന വേദിയാണ്.
കഴിഞ്ഞ 12 മാസങ്ങളിൽ, വിവിധ മേഖലകളിലെ പരസ്പര സഹകരണം പര്യവേക്ഷണം ചെയ്യുന്നതിനായി യുഎഇ, സൗദി അറേബ്യ, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള സർക്കാർ പ്രതിനിധികളുമായും ബിസിനസ് ചേംബറുമായും കൗൺസിൽ നിരവധി പരിപാടികളും ചർച്ചകളും നടത്തിയിട്ടുണ്ട്.