ഗുസ്തി താരങ്ങൾ ഡൽഹിയിൽ തുടരുന്ന സമരത്തിന് പിന്തുണയുമായി നടൻ ഹരീഷ് പേരടി. അനീതികള്‍ക്കെതിരെയുള്ള സമരങ്ങളോളം വലിയ ഒരു ലഹരിയും മനുഷ്യായുസ്സില്‍ ഇല്ലെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. രാജ്യത്തിന്റെ അഭിമാനം കാത്ത കായിക താരങ്ങള്‍ നീതിക്ക് വേണ്ടി തെരുവിലാണെന്ന് ഹരീഷ് പേരടി പറഞ്ഞു.
ഭഗവത്ഗീത പോലും സ്വന്തം ഭാഷയില്‍ അക്ഷരം കൂട്ടി വായിക്കാനറിയാത്ത സന്യാസിമാര്‍ നിയമ നിര്‍മ്മാണ സഭയില്‍ നിൽക്കുന്നുവെന്നും ഹരീഷ് പേരടി വിമർശിച്ചു. മുട്ടയുടെ വെള്ള കഴിച്ച് നിരന്തര പരിശീലനവുമായി സമയം കളഞ്ഞതിന് പകരം കഞ്ചാവുമടിച്ച് ഹിമാലയത്തില്‍ പോയാല്‍ മതിയായിരുന്നു എന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ തോന്നുന്നുണ്ടാകാമെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
രാജ്യത്തിന്റെ അഭിമാനം കാത്ത കായികതാരങ്ങൾ നീതിക്കുവേണ്ടി തെരുവിൽ..ഭഗവത്ഗീതപോലും സ്വന്തം ഭാഷയിൽ അക്ഷരം കൂട്ടി വായിക്കാനറിയാത്ത സന്യാസിമാർ നിയമ നിർമ്മാണ സഭയിൽ…മുട്ടയുടെ വെള്ള കഴിച്ച് നിരന്തര പരിശീലനവുമായി സമയം കളഞ്ഞതിനുപകരം കഞ്ചാവുമടിച്ച് ഹിമാലയത്തിൽ പോയാൽ മതിയായിരുന്നു എന്ന് നിങ്ങൾക്ക് ഇപ്പോൾ തോന്നുന്നുണ്ടാകാം …അങ്ങിനെ തോന്നാൻ പാടില്ല…കാരണം ഒരു പണിയുമെടുത്ത് ജീവിക്കാൻ താത്പര്യമില്ലാത്തവർക്കുള്ളതാണ് സന്യാസ,പുരോഹിത,ഉസ്താദ് കപട വേഷങ്ങൾ..അനീതികൾക്കെതിരെയുള്ള സമരങ്ങളോളം വലിയ ഒരു ലഹരിയും മനുഷ്യായുസ്സിൽ ഇല്ല…രാജ്യത്തിന്റെ അഭിമാനങ്ങളായ ഗുസ്തി താരങ്ങളോടൊപ്പം.