ബ്രിജ് ഭൂഷന് പിന്തുണയുമായി അയോധ്യയിലെ ഒരു കൂട്ടം സന്ന്യാസിമാര്‍; ജൂണ്‍ അഞ്ചിന് റാലി നടത്തും

0
70

ഗുസ്തി ഫെഡറേഷന്‍ മുന്‍ ചെയര്‍മാന്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ തെരുവില്‍ പ്രതിഷേധം തുടരുന്നതിനിടെ അയോധ്യയിലെ ഒരു കൂട്ടം സന്ന്യാസിമാര്‍ ബ്രിജ് ഭൂഷന് പിന്തുണയുമായി രംഗത്തെത്തി. ലൈംഗിക അതിക്രമ പരാതി നേരിടുന്ന ബ്രിജ് ഭൂഷണെ പിന്തുണച്ച് അടുത്തയാഴ്ച റാലി നടത്തുമെന്നും അയോധ്യയിലെ ഒരു കൂട്ടം സന്ന്യാസിമാര്‍ പറഞ്ഞു. പോക്‌സോ നിയമത്തിനെതിരെയും തങ്ങള്‍ പ്രതിഷേധിക്കുമെന്ന് സന്ന്യാസിമാര്‍ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു.

രാജ്യത്തെ വിവിധ ആധ്യാത്മിക കേന്ദ്രങ്ങളിലും പുണ്യസ്ഥലങ്ങളിലും ബ്രിജ് ഭൂഷണെ അനുകൂലിച്ച് റാലി നടത്തുമെന്നാണ് അയോധ്യയിലെ സന്ന്യാസിമാര്‍ അറിയിക്കുന്നത്. ഹരിദ്വാര്‍, കാശി, മഥുര, വൃന്ദാവന്‍ മുതലായ പുണ്യസ്ഥലങ്ങളില്‍ നിന്നെല്ലാം സന്ന്യാസിമാര്‍ റാലിയ്‌ക്കെത്തുമെന്നും ബ്രിജ് ഭൂഷനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

പോക്‌സോ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് അയോധ്യയിലെ രാമകഥ പാര്‍ക്കില്‍ ജൂണ്‍ അഞ്ചിന് സന്ന്യാസിമാര്‍ റാലി നടത്തും. പോക്‌സോ നിയമം പലവിധത്തില്‍ ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും നിയമത്തില്‍ നിരവധി അപാകതകളുണ്ടെന്നും നിയമം ഭേദഗതി ചെയ്യണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്ന് രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ത് കമല്‍ നാരായണ്‍ ദാസ് പറഞ്ഞു. ബ്രിജ് ഭൂഷണെതിരെ താരങ്ങള്‍ ഉന്നയിക്കുന്നത് തെറ്റായ ആരോപണങ്ങളാണെന്നും ബ്രിജ് ഭൂഷണ്‍ വേട്ടയാടപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.