പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ

0
33

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ നടക്കാനിരിക്കെ ഗതാഗത നിയന്ത്രണവുമായി ഡല്‍ഹി ട്രാഫിക് പൊലീസ്. ട്രാഫിക് ബ്ലോക് ഒഴിവാക്കാനും സുരക്ഷ ശക്തമാക്കുന്നതിനും വേണ്ടിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്. എമര്‍ജന്‍സി ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ മാത്രമേ പ്രധാന പാതകളില്‍ കടത്തിവിടൂ. രാവിലെ 5 30 മുതല്‍ വൈകുന്നേരം മൂന്ന് വരെ ന്യൂഡല്‍ഹിയിലെ പൊതുഗതാഗതം ഒഴിവാക്കാനാണ് പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശം.

മദര്‍ തെരേസ സെര്‍സെന്റ് റോഡ്, റൗണ്ട് എബൗട്ട് ടാല്‍ക്കത്തോറ, ബാബ ഖരക് സിംഗ് മാര്‍ഗ്, റൗണ്ട് എബൗട്ട് ഗോള്‍ ദാക്ക് ഖാന, റൗണ്ട് എബൗട്ട് പട്ടേല്‍ ചൗക്ക്, അശോക റോഡ്, റൗണ്ട് എബൗട്ട് വിന്‍ഡ്സര്‍ കൊട്ടാരം, ജനപഥ്, റൗണ്ട് എബൗട്ട് എം.എല്‍.എന്‍.പി, അക്ബര്‍ റോഡ്, റൗണ്ട് എബൗട്ട് ഗോള്‍ മേത്തി, റൗണ്ട് എബൗട്ട് ജി.കെ.പി, ടീന്‍ മൂര്‍ത്തി മാര്‍ഗ്, റൗണ്ട് എബൗട്ട് ടീന്‍ മൂര്‍ത്തി, മദര്‍ തെരേസ ക്രസന്റ് റോഡ് എന്നിവിടങ്ങളില്‍ ഗതാഗതം നിയന്ത്രിക്കും.

ന്യൂഡല്‍ഹി ജില്ലയില്‍ പരീക്ഷാ കേന്ദ്രങ്ങളുള്ള സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികള്‍ യാത്രാ തടസം ഒഴിവാക്കാന്‍ നേരത്തെ എത്തണമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിയ്ക്കുന്നതിനാല്‍ ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചിരിക്കുന്നത്.

സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പണിതത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒമ്പത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. രാജ്യസഭയിലും ലോക്‌സഭയിലുമായി 1224 എംപിമാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.

പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പുറമേ എല്ലാ രാഷ്ട്രപാര്‍ട്ടികളെയും പ്രമുഖ വ്യക്തികളെയും പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. 970 കോടി രൂപ ചെലവില്‍ ടാറ്റ പ്രോജക്ട്‌സ് ആണ് 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടം നിര്‍മിച്ചത്. എംപിമാര്‍ക്കും വി.ഐ.പികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി പ്രവേശനത്തിന് മൂന്ന് കവാടങ്ങളാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ഉണ്ടാകുക.