Sunday
11 January 2026
24.8 C
Kerala
HomeKeralaപൊന്നമ്പലമേട്ടിലെ അനധികൃത പൂജ; ഇടുക്കി മാമല സ്വദേശി അറസ്റ്റിൽ

പൊന്നമ്പലമേട്ടിലെ അനധികൃത പൂജ; ഇടുക്കി മാമല സ്വദേശി അറസ്റ്റിൽ

പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയ കേസിൽ ഇന്ന് ഒരാൾ കൂടി അറസ്റ്റിലായി. ഇടുക്കി മാമല സ്വദേശി സൂരജ് സൂരേഷിനെയാണ് വനംവകുപ്പ് പിടികൂടിയത്. പൂജ നടക്കുമ്പോൾ ഇയാളും പൊന്നമ്പലമേട്ടിൽ ഉണ്ടായിരുന്നതയാണ് കണ്ടെത്തൽ.

സൂരജ് സുരേഷാണ് മുഖ്യപ്രതി നാരായണനെയും സംഘത്തേയും ഗവിയിലെത്തിച്ചത്. ഡെപ്യൂട്ടി റെയിഞ്ചാഫീസർ ജയപ്രകാശിന്റെ നേതൃത്വത്തിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

അതേസമയം, പ്രധാനപ്രതി തമിഴ്‌നാട് സ്വദേശി നാരായണൻ ഇപ്പോഴും ഒളിവിലാണ്. ഇടനിലക്കാരൻ ചന്ദ്രശേഖരന്‍ (കണ്ണൻ), വനം വികസന കോർപ്പറേഷൻ ജീവനക്കാരായ രാജേന്ദ്രന്‍, സാബു, ഗവി കെഎസ്എഫ്ഡിസി കോളനി സ്വദേശി ഈശ്വരൻ എന്നിവരാണ് നേരത്തേ പിടിയിലായത്.

ആറംഗ സംഘമാണ് പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ മകരജ്യോതി തെളിക്കുന്ന അതീവ സുരക്ഷാ മേഖലയിൽ എത്തി പൂജ നടത്തിയത്. വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ പ്രദേശം. വനം വകുപ്പും പൊലീസും അറിയാതെ പൊന്നമ്പലമേട്ടിലേക്ക് ആർക്കും പ്രവേശിക്കാൻ ആകില്ല. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്‌ഷൻ (27, 51), കേരള വന നിയമം 1961 (ഭേദഗതി 1999) സെക്‌ഷൻ 27 (1) ഇ (4) എന്നീ വകുപ്പുകൾ അനുസരിച്ചാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്.

സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി വിശദമായ അന്വേഷണത്തിനും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments