ഹോട്ടലുടമയുടെ കൊലപാതകം: പ്രതികളെ കുടുക്കിയത് എടിഎം ഉപയോഗിച്ച് പണം പിൻവലിച്ചത്

0
34

തിരൂർ സ്വദേശിയായ വ്യാപാരിയുടെ തിരോധാനം കൊലപാതകമെന്ന് പോലീസ്. കോഴിക്കോട് ഹോട്ടൽ നടത്തുന്ന തിരൂർ സ്വദേശിയായ സിദ്ദീഖിനെ കൊലപ്പെടുത്തിയത് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരനും പെൺ സുഹൃത്തും ചേർന്നെന്നും പൊലീസ് പറയുന്നു. സിദ്ദീഖിൻ്റെ മൃതദേഹം അട്ടപ്പാടിയിലെ കൊക്കയിലേക്ക് തള്ളിയശേഷം നാട് വിട്ട പ്രതികളെ ചെന്നൈയിൽ നിന്നും പിടികൂടി.

സിദ്ദീഖിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കൊലപാതകം സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തായത്. സിദ്ദീഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലിയും ഇയാളുടെ പെൺസുഹൃത്ത് ഫർഹാനയുമാണ് സംഭവത്തിൽ പിടിയിലായിരിക്കുന്നത്. പ്രതികളെ ചെന്നൈയിൽ വെച്ച് തമിഴ്നാട് പൊലീസാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ കേരളാ പൊലീസ് ചെന്നൈയിലെത്തി കസ്റ്റഡിയിൽ വാങ്ങിയ ശേഷം മലപ്പുറത്തേക്ക് കൊണ്ടുവരും. ഷിബിലിന് 22 ഉം ഫർഹാനയ്ക്ക് 18 വയസുമാണ് പ്രായം.

കോഴിക്കോട് എരഞ്ഞിമാവിലെ ഹോട്ടലിൽ വെച്ച് സിദ്ദീഖിനെ പ്രതികൾ കൊലപ്പെടുത്തിയെന്നാണ് മലപ്പുറം പൊലീസ് സംശയിക്കുന്നത്. മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി ട്രോളി ബാഗിലാക്കിയ ശേഷം അട്ടപ്പാടിയിലെ അഗളിക്കടുത്ത് കൊക്കയിലേക്ക് തള്ളിയെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞിരിക്കുന്നത്. സിദ്ദീഖിനെ കാണാനില്ലെന്ന മകന്റെ പരാതിയിൽ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിലേക്ക് എത്തിയിരിക്കുന്നത്. സിദ്ദീഖിനെ ഫോണിൽ വിളിച്ച് കിട്ടുന്നില്ല എന്നായിരുന്നു കുടുംബത്തിൻറെ പരാതി. സിദ്ദീഖിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായകമായത്.

സിദ്ധിഖിനെ കാണാതായതിന് പിന്നാലെ ഇയാളുടെ എടിഎം കാർഡും നഷ്ടമായിരുന്നു. ഇത് സംബന്ധിച്ച അന്വേഷണമാണ് സംഭവത്തിൽ തുമ്പുണ്ടാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. എ ടി എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചത് ആണ് പ്രതികളെ കുടുക്കിയത്.

അഗളിയിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ മലപ്പുറം എസ് പി സുജിത്ത് ദാസും സംഘവും അവിടെ എത്തി പരിശോധന നടത്തും. കേസിൽ കൂടുതൽ പേര് ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് ആണ് പോലീസ് നൽകുന്ന വിവരം. സംഭവം നടന്നത് കോഴിക്കോട് ആയതിനാൽ അന്വേഷണം കോഴിക്കോട് പൊലീസ് ഏറ്റെടുക്കാനും സാധ്യതയുണ്ട്.