Wednesday
31 December 2025
23.8 C
Kerala
HomeIndiaപുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കും

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കും

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. പാർലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമായിരിക്കും സ്മരണാർഥം പുറത്തിറക്കുക.

നാണയത്തിന്റെ ഒരു വശം അശോക സ്തംഭവും അതിന് താഴെയായി സത്യമേവ ജയതേ എന്നും ആലേഖനം ചെയ്തിരിക്കും. ഇടതുവശത്ത് ‘ഭാരത്’ എന്നത് ദേവനാഗരി ലിപിയിലും വലത് വശത്ത് ‘ഇന്ത്യ’ എന്ന് ഇംഗ്ലീഷിലുമുണ്ടാകും. നാണയത്തിൽ ‘രൂപ’ ചിഹ്നവും ലയൺ ക്യാപിറ്റലിന് താഴെ അന്താരാഷ്ട്ര അക്കങ്ങളിൽ ’75 ‘എന്ന മൂല്യവും രേഖപ്പെടുത്തും. മുകളിലെ ‘സൻസദ് സങ്കുൽ’ എന്നും താഴെ ഇംഗ്ലീഷിൽ ‘പാർലമെന്റ് മന്ദിരം’ എന്നും എഴുതും.

ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലെ മാർഗനിർദേശങ്ങളെല്ലാം പാലിച്ചാകും നാണയത്തിന്റെ ഡിസൈൻ തയ്യാറാക്കുകയെന്ന് കേന്ദ്രം അറിയിച്ചു. 44 മില്ലിമീറ്റർ വ്യാസമുള്ള വൃത്താകൃതിയിലുള്ള നാണയത്തിന്റ അഗ്രഭാഗങ്ങളിൽ 200 സെറേഷനുകൾ ഉണ്ടായിരിക്കും. 35 ഗ്രാം ആയിരിക്കും നാണയത്തിന്റെ ഭാരം. 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, 5 ശതമാനം നിക്കൽ, 5 ശതമാനം സിങ്ക് ഉൾപ്പെടെ നാല് ഭാഗങ്ങളുള്ള അലോയ് ഉപയോഗിച്ചാണ് നാണയം നിർമിക്കുന്നത്.

അതേസമയം പുതിയ പാർലമെന്റ് മന്ദിരം മേയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. 25 ഓളം പാർട്ടികൾ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും കോൺഗ്രസ് ഉൾപ്പെടെ 20 പ്രതിപക്ഷ പാർട്ടികൾ പരിപാടി ബഹിഷ്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments