വൈറ്റ് ഹൗസിന് സമീപം ട്രക്ക് ഇടിച്ചുകയറ്റി; 19കാരനായ ഇന്ത്യൻ വംശജൻ പിടിയിൽ

0
129

വൈറ്റ് ഹൗസിന് സമീപം ട്രക്ക് ഇടിച്ചു കയറ്റിയയാൾ ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞു. ഇന്ത്യൻ വംശജനായ 19കാരൻ സായ് വർഷിത് കാണ്ടുല എന്നയാളാണ് സാഹസത്തിന് മുതിർന്നത്. വൈറ്റ് ഹൗസിന് സമീപമുണ്ടായിരുന്ന സുരക്ഷാക്രമീകരണങ്ങൾ ലക്ഷ്യമിട്ട് ഇയാൾ വാടകയ്ക്ക് എടുത്ത ട്രക്ക് ഉപയോ​ഗിച്ച് ഇടിച്ച് കയറ്റുകയായിരുന്നു. രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്ത പ്രതിക്കെതിരെ ബോധപൂർവമായി അപകടം ഉണ്ടാക്കി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

പ്രസിഡന്റിനെയോ വൈസ് പ്രസിഡന്റിനെയോ കുടുംബാംഗങ്ങളെയോ കൊല്ലുകയോ തട്ടിക്കൊണ്ടുപോകുകയോ ഉപദ്രവിക്കുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ സായ് വർഷിത് കാണ്ടുലയ്ക്ക് എതിരെ ചുമത്തിയിട്ടുണ്ടെന്ന് യുഎസ് പാർക്ക് പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

അപകടമുണ്ടാക്കിയ ട്രക്കിൽ നിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ട്രക്ക് ഇടിച്ചു കയറ്റിയ സംഭവത്തിൽ ആളപായമില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം, അപകടമുണ്ടായ സമയത്ത് പ്രസിഡന്റ് ജോ ബൈഡൻ എവിടെയായിരുന്നു എന്ന വിവരം വ്യക്തമായിട്ടില്ല. തിങ്കളാഴ്ച വൈകുന്നേരം വൈറ്റ് ഹൗസിൽ വെച്ച് അദ്ദേഹം യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കർ കെവിൻ മക്കാർത്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മിസൗറിയിൽ നിന്ന് വാഷിംഗ്ടണിൽ എത്തിയ ശേഷമാണ് സായ് വ‍ർഷിത് കാണ്ടുല ട്രക്ക് വാടകയ്‌ക്ക് എടുത്തത്. അവിടെ നിന്ന് ഇയാൾ നേരെ വൈറ്റ് ഹൗസിലേക്കാണ് പോയത്. വൈറ്റ് ഹൗസിന് സമീപം സുരക്ഷാ സേന സ്ഥാപിച്ചിരുന്ന സുരക്ഷാ ക്രമീകരണങ്ങളിലേയ്ക്ക് ട്രക്ക് ഇടിച്ച് കയറ്റിയ ഇയാൾ നാസി പതാക വീശി. യുഎസ് സർക്കാരിൽ നിന്ന് അധികാരം പിടിച്ചെടുക്കാനുള്ള ആറ് മാസത്തെ പദ്ധതിയുടെ ഭാ​ഗമായാണ് ഈ സംഭവം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.

നാസി പതാക പുറത്തെടുത്തതിന് പിന്നാലെ സുരക്ഷാ ഉദ്യോ​ഗസ്ഥർ ഇയാളെ പെട്ടെന്ന് തന്നെ അറസ്റ്റ് ചെയ്തു. മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൃത്യം നടത്താൻ ശ്രമിച്ചതെന്ന് സായ് വർഷിത് കാണ്ടുല പിന്നീട് സീക്രട്ട് സർവീസ് ഏജന്റുമാർക്ക് മുന്നിൽ കുറ്റസമ്മതം നടത്തി. വൈറ്റ് ഹൗസിൽ കയറി അധികാരം പിടിച്ചെടുക്കാനും രാഷ്ട്രത്തിന്റെ ചുമതല വഹിക്കാനുമായിരുന്നു തന്റെ ശ്രമമെന്നും പറ്റുമെങ്കിൽ പ്രസിഡന്റിനെ കൊല്ലുമായിരുന്നുവെന്നും ഇയാൾ പറഞ്ഞതായാണ് റിപ്പോർട്ട്.