വേദനയോ ഭയമോ അനുഭവപ്പെടാത്ത സ്കോട്ടിഷ് സ്ത്രീയുടെ രഹസ്യം കണ്ടെത്തി ശാസ്ത്രജ്ഞർ

0
128

ജീവിതത്തില്‍ ഇന്നേവരെ വേദനയോ ആശങ്കയോ പേടിയോ തോന്നാത്ത ഒരു ജീവിതത്തെക്കുറിച്ച് ആലോചിച്ച് നോക്കാന്‍ കൂടി നമ്മുക്കാകുമോ? ഒന്നിനേയും ഭയക്കാതെ, ഒന്നുകൊണ്ടും വേദനിപ്പിക്കപ്പെടാതെ കുറേ വര്‍ഷങ്ങള്‍ ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതില്‍പ്പരം അനുഗ്രഹം ആര്‍ക്കും കിട്ടാനില്ല. അങ്ങനെ അനുഗ്രഹിക്കപ്പെട്ട ആളാണ് സ്‌കോട്ടിഷുകാരിയായ 75 വയസുള്ള ജോ കാമറൂണ്‍. വേദന, ഭയം മുതലായ കാര്യങ്ങള്‍ എന്താണെന്ന് പോലും ഈ മുത്തശ്ശിയ്ക്ക് അറിയില്ല. ഈ സൂപ്പര്‍ പവറോടെ ജീവിച്ച ഈ മുത്തശ്ശി പക്ഷേ ശാസ്ത്രലോകത്തിന് ഒരു തലവേദനയായിരുന്നു. എന്താണ് കാമറൂണിന് മാത്രം വേദന അനുഭവപ്പെടാത്തത് എന്നത് കുറേയധികം ശാസ്ത്രജ്ഞരെ അലട്ടി. ഒടുവില്‍ ഇപ്പോള്‍ ആ രഹസ്യം ചുരുള്‍ അഴിഞ്ഞിരിക്കുകയാണ്.

മുത്തശ്ശിയുടെ ശരീരത്തിലെ FAAH-OUT ജീനുകള്‍ക്ക് തന്മാത്ര തലത്തില്‍ മ്യൂട്ടേഷന്‍ സംഭവിച്ചു എന്നതാണ് കാമറൂണിന്റെ രഹസ്യമെന്ന് ഗവേഷകര്‍ കണ്ടെത്തി. യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടനിലെ ഡോ ആന്‍േ്രഡ ഒകോറോകോവിന്റെ നേതൃത്വത്തിലുള്ള പഠനസംഘമാണ് ഇക്കാര്യം കണ്ടെത്തിയത്. ഇവരുടെ പഠനഫലങ്ങള്‍ ബ്രെയിന്‍ മാസികയില്‍ അച്ചടിച്ചതോടെ കാമറൂണിന്റെ രഹസ്യം ലോകമറിഞ്ഞു.

FAAH (ഫാറ്റി ആസിഡ് അമൈഡ് ഹൈഡ്രോലേസ്) OUT എന്ന നോണ്‍ കോഡിംഗ് ആര്‍എന്‍എ വേദനയും പരിഭ്രമവും ഭയവും അനുഭവിക്കുന്നതില്‍ നിര്‍ണായക സ്വാധീനമാണ് ചെലുത്തുന്നതെന്ന് പഠനസംഘം പറയുന്നു. ഈ ജീന്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്നത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നത് വേദന നിയന്ത്രിക്കുന്നതിനും മറ്റ് ചികിത്സകള്‍ക്കും ഭാവിയില്‍ ഏറെ ഉപകാരപ്പെടുമെന്നും ഡോ ആൻഡ്രേഡ് ഒകോറോക്കോവ് പറഞ്ഞു.