അഴിമതിയിൽ ഡോക്ടറേറ്റ് എടുത്തവരുണ്ട്: കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

0
117

പാലക്കാട് പാലക്കയം കൈക്കൂലി കേസിന്റെ പശ്ചാത്തലത്തിൽ ജീവനക്കാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി എങ്ങനെ നടത്താമെന്ന് ഡോക്ടറേറ്റ് എടുത്തവർ വരെ സർവീസിലുണ്ട്. ഒരാളുടെ അഴിമതി സഹപ്രവർത്തകർ അറിയാതിരിക്കുന്നതെങ്ങനെയെന്ന് മുഖ്യമന്ത്രി ചോദിച്ചു. സർക്കാർ ഓഫീസുകളിൽ ഫയൽ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ ഫയൽ യജ്ഞം നടത്തിയെങ്കിലും ചിലയിടങ്ങളിൽ ഇപ്പോഴും ഫയൽ തീർപ്പാക്കൽ പൂർണമായിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് കേരള മുൻസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സർക്കാർ ജനങ്ങൾക്കുള്ള സേവനം വേഗത്തിലാക്കിയെന്ന് പറഞ്ഞ മുഖ്യമന്ത്രി മന്ത്രിമാരുടെ അദാലത്തുകൾക്ക് ജനങ്ങൾക്കിടയിൽ മികച്ച സ്വീകരണം കിട്ടിയെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, ചിലയിടങ്ങളിൽ ഫയൽ തീർപ്പാക്കൽ പൂർണമായിട്ടില്ല. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഫയൽ തീർപ്പാക്കൽ സമയബന്ധിതമായി നടപ്പാക്കണമെന്നും വ്യക്തമാക്കി.

ജനങ്ങൾ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് വില്ലേജ് ഓഫീസുകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും കാര്യങ്ങൾ നടത്തുന്നതിനാണ്. ഭരണനിർവഹണം ശരിയായ രീതിയിൽ ജനങ്ങൾക്ക് അനുഭവപ്പെടണം. ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളെ ശത്രുവായി കണ്ടുള്ള സമീപനം പാടില്ല. ഇന്ത്യയിൽ അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം. എന്നാൽ, ചിലയിടങ്ങളിലെ അഴിമതി ഒരു നാടിനെ ഒന്നടങ്കം ബാധിക്കുന്നുണ്ട്. അഴിമതി നടത്തി എല്ലാ കാലവും രക്ഷപ്പെടാമെന്ന് കരുതരുത്. ഇത്തരക്കാരോട് സർക്കാരിന് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, അഴിമതിക്കാരെ പിരിച്ചുവിടാൻ പാകത്തിന് ചട്ടം മാറണമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അങ്കമാലിയിൽ പ്രതികരിച്ചു. റവന്യൂ വകുപ്പിലെ അഴിമതി തടയും. റവന്യൂ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തും. അഴിമതി തടയാൻ അടുത്ത മാസം മുതൽ ടോൾഫ്രീ നമ്പർ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.