ഇരുചക്രവാഹനങ്ങളിലെ കുട്ടികളുമായുള്ള യാത്രയില്‍ ഇളവുതേടി കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍

0
86

ഇരുചക്രവാഹനങ്ങളിലെ കുട്ടികളുമായുള്ള യാത്രയില്‍ ഇളവുതേടി കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍. പന്ത്രണ്ട് വയസിന് താഴെ പ്രായമുള്ള ഒരു കുട്ടിക്ക് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. വിഷയത്തില്‍ കേന്ദ്രത്തിന്റെ തീരുമാനത്തിന് ശേഷം പിഴ ഈടാക്കിയാല്‍ മതിയെന്നാണ് നേരത്തെയുള്ള തീരുമാനം.

ഇരുചക്രവാഹനങ്ങളില്‍ കുട്ടികളോടൊപ്പമുള്ള യാത്രയാണ് എഐ ക്യാമറ സര്‍ക്കാര്‍ അവതരിപ്പിച്ചപ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടായ വലിയ ആശങ്ക. ഇരുചക്രവാഹനങ്ങളില്‍ അച്ഛനും അമ്മയും സഞ്ചരിക്കുന്നതിനൊപ്പം ഒരു കുട്ടിയും കൂടി സഞ്ചരിച്ചാല്‍ പിഴ ഈടാക്കും എന്നുള്ളതായിരുന്നു എഐ ക്യാമറാ നിരീക്ഷണത്തിലെ വ്യവസ്ഥ. എന്നാല്‍ അതിനെതിരെ വലിയ തരത്തിലുള്ള വികാരം ഉയര്‍ന്നതിന് പിന്നാലെയാണ് വിദഗ്ധ സമിതി യോഗം ഗതാഗത വകുപ്പ് ചേര്‍ന്നത്.

യോഗത്തിനുശേഷമാണ് നിയമഭേദഗതി അടക്കമുള്ള കാര്യങ്ങള്‍ അറിയിക്കാനുള്ള തീരുമാനത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇളവ് തേടി കേന്ദ്രത്തിന് കത്തയച്ചത്. പന്ത്രണ്ട് വയസ്സിന് താഴെ പ്രായമുള്ള ഒരു കുട്ടിക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കണം എന്നുള്ളതാണ് കത്തിലെ ആവശ്യം.

ഇതുമായി ബന്ധപ്പെട്ട നിയമത്തിലടക്കമുള്ള കാര്യങ്ങളില്‍ ഭേദഗതി വരുത്തണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നത്. വിഷയത്തില്‍ കേന്ദ്രത്തിന്റെ തീരുമാനം വന്നതിനുശേഷം പിഴ ഈടാക്കാം എന്നാണ് നിലവില്‍ ഗതാഗത വകുപ്പും സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിട്ടുള്ളത്.