എറണാകുളം ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി ഊർജിതം

0
213

എറണാകുളം ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി ഊർജിതം. ജില്ലയിൽ തിങ്കളാഴ്‌ച (മെയ് 22) മാത്രം 23 കേസുകൾ രജിസ്റ്റർ ചെയ്‌തു. സിറ്റി പൊലീസ് പരിധിയിലെ പാലാരിവട്ടം, കളമശ്ശേരി, മട്ടാഞ്ചേരി, എറണാകുളം ടൗൺ നോർത്ത്, ഹിൽപാലസ്, ഹാർബർ, ഫോർട്ട്‌കൊച്ചി, എറണാകുളം ടൗൺ സൗത്ത്, പള്ളുരുത്തി കസബ, കണ്ണമാലി, അമ്പലമേട് സ്റ്റേഷനുകളിലായി 21 കേസുകളും റൂറൽ പോലീസ് പരിധിയിലെ എടത്തല, കുന്നത്തുനാട് പോലീസ് സ്റ്റേഷനുകളിലായി രണ്ട് കേസുകളുമാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഇന്ത്യ൯ ശിക്ഷാ നിയമത്തിലെയും കേരള പോലീസ് നിയമത്തിലെയും വകുപ്പുകളാണ് കുറ്റക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്.

മെയ് 22 ന് എടുത്ത കേസുകൾ

പെരിങ്ങാല കരയിൽ അമ്പലപ്പടി അംബേദ്കർ കോളനിയിൽ സൺ പ്ലാസ്റ്റിക് ഗോഡൗണിൽ ഭക്ഷ്യമാലിന്യം കൂട്ടിയിട്ടതിന് കുന്നത്തുനാട് പിണർമുണ്ട പെരുമാമറ്റം പി.എം മൻസൂർ (38), കുന്നത്തുനാട് പിണർമുണ്ട കരയിൽ ആലിയ ടൈൽ ആൻഡ് ബ്രിക്‌സിന് സമീപം മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ചതിന് പിണർമുണ്ട മത്രക്കാട്ടുവീട്ടിൽ എം കെ സുബൈർ (59) എന്നിവരെ പ്രതിയാക്കി അമ്പലമേട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു. ഇ. എസ് ഐ റോഡിൽ മാലിന്യം നിക്ഷേപിച്ചതിന് പള്ളുരുത്തി സ്വദേശി വിനോദി (54)നെതിരെ പള്ളുരുത്തി കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

കലൂർ ദേശാഭിമാനി റോഡിൽ പ്രവർത്തിക്കുന്ന മദീന ഹോട്ടലിലെ മാലിന്യങ്ങൾ പ്ലാസ്റ്റിക് കിറ്റുകളിലാക്കി തള്ളിയതിന് ഹോട്ടലിന്റെ ചുമതലക്കാരൻ കുമാരനെല്ലൂർ മാലിപ്പറമ്പിൽ വീട്ടിൽ ശിഹാബുദ്ദീൻ( 38) നെ പ്രതിയാക്കി എറണാകുളം ടൗൺ നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

ചിറ്റൂർ റോഡ് അരികിൽ വൃത്തിഹീനമായ രീതിയിൽ മാലിന്യം വലിച്ചെറിഞ്ഞതിന് മുഹമ്മ പുതുപ്പറമ്പ് കോളനിയിൽ കെ.പി തങ്കച്ചൻ(60), തൂത്തുക്കുടി സ്വദേശി കറുപ്പുസ്വാമി അരുണാചലം(58), രവിപുരം കുരിശുപള്ളി റോഡിൽ ബിവറേജിന് സമീപം പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞതിന് തമിഴ്‌നാട് ധർമ്മപുരി സ്വദേശി രാമസ്വാമി രംഗനാഥൻ(30) എന്നിവരെ പ്രതിയാക്കി എറണാകുളം ടൗൺ സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

വെളി ഗ്രൗണ്ടിന് സമീപം മാലിന്യം പ്ലാസ്റ്റിക് കവറിലാക്കി നിക്ഷേപിച്ചതിന് വെളി പുത്തൻപാടത്ത് അനു അഗസ്റ്റ(30)നെ പ്രതിയാക്കി ഫോർട്ട്കൊച്ചി പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

വില്ലിംഗ്‌ടൺ ഐലൻഡിൽ എറണാകുളം-തോപ്പുംപടി പബ്ലിക് റോഡിൽ ബോട്ട് ഈസ്റ്റ് ജംഗ്ഷനിൽ മാലിന്യം നിക്ഷേപിച്ചതിന് തോപ്പുംപടി പാലിത്താകനത്ത് സദാം (32), മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് മൊയ്‌തീൻ വീട്ടിൽ ലിജു ലത്തീഫ് (38)എന്നിവരെ പ്രതിയാക്കി ഹാർബർ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

തൃപ്പൂണിത്തറ റെയിൽവേ സ്റ്റേഷന് സമീപം വി കെ എസ് സ്റ്റോഴ്‌സ് എന്ന കടയുടെ മുന്നിൽ മാലിന്യം കൂട്ടിയിട്ടതിന് തൃപ്പൂണിത്തുറ കണ്ണങ്കരി പാടം വിലങ്ങാട്ടിൽ വീട്ടിൽ വി എസ് രാജേഷി (44)നെ പ്രതിയാക്കി ഹിൽപാലസ് പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു. കുമ്പളങ്ങി പുത്തൻതോടിന് സമീപം പൊതുവഴിയിൽ മാലിന്യം നിക്ഷേപിച്ചതിന് കുമ്പളങ്ങി കൊച്ചാരുപറമ്പിൽ ബാബു (55), കുമ്പളങ്ങി പുത്തൻ പാടത്ത് മിഖായേൽ വർഗീസ് (62) എന്നിവരെ പ്രതിയാക്കി കണ്ണമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

പൊതുസ്ഥലത്ത് വൃത്തിഹീനമാകുന്ന രീതിയിൽ പ്ലാസ്റ്റിക് കിറ്റുകളിലാക്കി മാലിന്യം നിക്ഷേപിച്ചതിന് പനമ്പള്ളി 7/943 വീട്ടിൽ വി.എം മുജീബ് (38), മട്ടാഞ്ചേരി കോപ്പറമ്പ് വീട്ടിൽ ടി.എം നൗഷാദ് (48 ), കൊച്ചി നോർത്ത് ചെർളായി എസ്. ശശിധരൻ( 51 ), മട്ടാഞ്ചേരി ജെ. എ ബട്ട് സ്ട്രീറ്റ് 4/813 വിനീത് പൈ (37) എന്നിവരെ പ്രതിയാക്കി മട്ടാഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

വെണ്ണല ഹൈവേയിൽ ബേക്കേഴ്സ് മിനി മാർട്ടിനു സമീപം റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് ഇടപ്പള്ളി വെണ്ണല പണ്ഡികശാല അബ്ദുൽ ഹക്കീം (56), ചക്കരപ്പറമ്പ് ആൽബ സ്‌നാക്‌സ് ആൻഡ് കൂൾബാറിനു മുന്നിൽ സർവീസ് റോഡിൽ ദുർഗന്ധം വമിക്കുന്ന മാലിന്യം നിക്ഷേപിച്ചതിന് കാസർകോട് ഗൗസിയ മൻസിലിൽ എച്ച്. ഇബ്രാഹിം (35), പാലാരിവട്ടം ടി ക്യൂബ് ഷെയ്ക്ക് കടയ്ക്ക് മുൻവശം സ്റ്റേഡിയം ലിങ്ക് റോഡിൽ പ്ലാസ്റ്റിക് കവറിലാക്കി ദുർഗന്ധം വമിക്കുന്ന മാലിന്യം നിക്ഷേപിച്ചതിന് കലൂർ കരുവേലിതുണ്ടിയിൽ എൻ എച്ച് അദീപ് (32), പാലാരിവട്ടം ഫൈവ് സ്റ്റാർ തട്ടുകടയ്ക്ക് സമീപം പ്ലാസ്റ്റിക് കവറിൽ ദുർഗന്ധം വമിക്കുന്ന മാലിന്യം നിക്ഷേപിച്ചതിന് തിരിച്ചറിയാത്ത വ്യക്തിക്കെതിരെയും പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു. റൂറൽ പൊലീസ് പരിധിയിൽ, എടത്തല കുന്നത്തുനാട് പോലീസ് സ്റ്റേഷനുകളിൽ ഒന്നു വീതം രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.