ടൂറിസം ക്ലബിന്‍റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്

0
72

കേരള ടൂറിസത്തിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ സംസ്ഥാനത്തെ കോളേജുകളിലെ ടൂറിസം ക്ലബുകളിലെ യുവതയെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം ക്ലബിന്‍റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് മികച്ച ടൂറിസം സംസ്കാരം സൃഷ്ടിക്കുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൂറിസം ക്ലബുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. ടൂറിസം ക്ലബുകളിലെ വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തം അതിന് വഴിയൊരുക്കും. പുതിയ തൊഴിലവസരങ്ങള്‍ നേടുന്നതിനൊപ്പം വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ ടൂറിസം ക്ലബിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ജനങ്ങളുടെ ആതിഥ്യമര്യാദയുടേയും ഐക്യത്തിന്‍റേയും മതേതരത്വത്തിന്‍റേയും ഊഷ്മളത ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തെ മുന്‍പന്തിയില്‍ നിര്‍ത്തുകയും വിനോദസഞ്ചാരികളെ ഇങ്ങോട്ടേയ്ക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു. ടൂറിസം ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്‍റെ താഴെത്തട്ടിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്.

വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പരിപാലനം ടൂറിസം മേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ടൂറിസം ക്ലബുകള്‍ വഴിയുള്ള യുവജനങ്ങളുടെ പങ്കാളിത്തം കൂടുന്നതോടെ ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനം ശക്തിപ്പെടും.

ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ മനോഹരമായ ചുവര്‍ ചിത്രങ്ങള്‍ വരച്ചും കേടുപാടുകള്‍ സംഭവിച്ച വൈദ്യുതി വിളക്കുകള്‍ അറ്റകുറ്റ പണികള്‍ നടത്തി വൈദ്യുതീകരിച്ചും വില്ലേജിന്‍റെ മുഖം തന്നെ മാറ്റി വിദ്യാര്‍ത്ഥികള്‍ മാതൃകയായി. സംസ്ഥാനത്തെ ഓണാഘോഷ പരിപാടികള്‍ വിജയകരമായി സംഘടിപ്പിക്കുന്നതില്‍ ടൂറിസം ക്ലബുകളുടെ പങ്ക് വലുതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള ഇടപെടലുകള്‍ ശക്തിപ്പെടുത്തും. എല്ലാ വിഭാഗത്തില്‍പ്പെട്ട കോളേജുകള്‍ക്കും ടൂറിസം ക്ലബുകള്‍ സ്ഥാപിക്കുന്നതിന് വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഓരോ കോളേജും സമയബന്ധിതമായി ടൂറിസം കേന്ദ്രങ്ങളുടെ പരിപാലന ചുമതല ഏറ്റെടുക്കുന്ന സാഹചര്യത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. നിലവില്‍ 382 കോളേജുകളില്‍ ടൂറിസം ക്ലബുകളുണ്ടെന്നും ഏകദേശം 18,000 അംഗങ്ങള്‍ ഇതിന്‍റെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടൂറിസം ഡയറക്ടര്‍ പി. ബി നൂഹ് സ്വാഗതം ആശംസിച്ചു. മറ്റ് ക്ലബ്ബുകളില്‍ നിന്ന് വ്യത്യസ്തമായി ടൂറിസം ക്ലബുകളിലൂടെ ഭാവിയില്‍ ജീവിതമാര്‍ഗം കണ്ടെത്താനും കഴിവുകള്‍ വികസിപ്പിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 382 കോളേജുകളില്‍ ടൂറിസം ക്ലബുകള്‍ സ്ഥാപിക്കുന്നതിന് നിലവില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

അവയില്‍ 265 എണ്ണവും ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളാണ്. എഞ്ചിനീയറിംഗ് കോളേജുകള്‍(48), ലോ കോളേജുകള്‍ (7), മറ്റ് കോളേജുകള്‍ (25), പോളിടെക്നിക് കോളേജുകള്‍ (17), സ്വകാര്യ ഐടിഐകള്‍ (5), ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് (6), യൂണിവേഴ്സിറ്റി ക്യാമ്പസ് (9) എന്നിവയും ഇതിന്‍റെ ഭാഗമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 19 എണ്ണം സ്വയംഭരണ സ്ഥാപനങ്ങളും ബാക്കിയുള്ളവ സര്‍ക്കാര്‍ (62), സര്‍ക്കാര്‍ എയ്ഡഡ് (127), അണ്‍ എയ്ഡഡ് (174) എന്നിവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ പ്രേം കൃഷ്ണന്‍.എസ് നന്ദി പറഞ്ഞു. ലോക ടൂറിസം ദിനാചരണത്തിന്‍റെ ഭാഗമായി കേരള ടൂറിസം നടത്തിയ ടൂറിസം ക്ലബ് റീല്‍സ് മത്സരത്തിലെ വിജയികള്‍ക്ക് ചടങ്ങിനോടനുബന്ധിച്ച് സമ്മാനം വിതരണം ചെയ്തു. അസ്ലിന്‍. എന്‍ (കോഴിക്കോട്), വൈശാഖ് എ. എല്‍ (തിരുവനന്തപുരം) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സമ്മാനങ്ങള്‍ നേടി.

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി വിദ്യാര്‍ത്ഥികളുടെ ആശയങ്ങളും സാധ്യതകളും ഫലപ്രദമായി വിനിയോഗിച്ചുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പരിപാലനമാണ് ടൂറിസം ക്ലബിന്‍റെ പ്രാഥമിക ലക്ഷ്യം. ടൂറിസം ക്ലബിന് കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് ടൈം ടൂറിസ്റ്റ് ഗൈഡുകളായി പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കും.