ഒഡിഷയിലെ ശിവ ക്ഷേത്രങ്ങളില്‍ കഞ്ചാവ് നിരോധിച്ചു

0
82

ഒഡിഷയിൽ മതപരമായ സ്ഥലങ്ങളിൽ കഞ്ചാവ് ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി. സംസ്ഥാനത്തെ ശിവക്ഷേത്രങ്ങളിൽ കഞ്ചാവ് ഉപയോഗിക്കുന്നത് നിരോധിച്ചാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. ശിവക്ഷേത്രങ്ങളിലെ കഞ്ചാവ് ഉപയോഗം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. മെയ് പത്തിന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. ഒഡിയ ഭാഷയിൽ പ്രസിദ്ധീകരിച്ച ഉത്തരവ് സംസ്ഥാനത്തെ സാംസ്‌കാരിക വകുപ്പാണ് പുറത്തിറക്കിയത്. കഞ്ചാവ് ഉപയോഗം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എല്ലാ ജില്ലാ കളക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

”ബാനാപൂരിലെ ഭഗബതി ക്ഷേത്രത്തിൽ മുമ്പ് മൃഗബലിയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. പിന്നീട് മറ്റെല്ലാ ക്ഷേത്രവും മൃഗബലി നിർത്തലാക്കുകയും ചെയ്തു. അതുപോലെ എല്ലാ ശിവക്ഷേത്രങ്ങളിലും കഞ്ചാവ് ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തും,” എന്നാണ് മന്ത്രി അശ്വിനി പത്ര പറഞ്ഞത്. സംസ്ഥാനത്തെ പ്രശസ്തമായ ബാബ അഖണ്ഡൽമണി ശിവ ക്ഷേത്രത്തിലെ കഞ്ചാവ് ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അനന്ത ബലിയ ട്രസ്റ്റ് മേധാവി ബലിയ ബാബ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് ഇദ്ദേഹം സംസ്ഥാന എക്‌സൈസ് വകുപ്പിന് ഏപ്രിൽ 13ന് കത്തയയക്കുകയും ചെയ്തിരുന്നു.

” സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ഭക്തരാണ് എല്ലാ ദിവസവും ശിവക്ഷേത്രത്തിലെത്തുന്നത്. ശിവ ഭഗവാന്റെ പേരിൽ കഞ്ചാവ് ഉപയോഗിക്കുന്നത് മതപരമായ വിശ്വാസത്തെയും ചൈതന്യത്തെയും ഇല്ലാതാക്കുമെന്നും,” ബലിയ ബാബ കത്തിൽ സൂചിപ്പിച്ചിരുന്നു.

”ശിവൻ ഒരിക്കലും കഞ്ചാവ് ഉപയോഗിച്ചിട്ടില്ല. ഹിന്ദുമതത്തെക്കുറിച്ചും ദൈവങ്ങളെക്കുറിച്ചും നിരവധി തെറ്റിദ്ധാരണകളാണ് സമൂഹത്തിൽ ഓരോ കാലം കഴിയുമ്പോഴും വ്യാപിക്കുന്നത്. കഞ്ചാവിന് പകരം ഒരുപാട് നല്ല കാര്യങ്ങൾ ഭഗവാന് സമർപ്പിക്കാവുന്നതാണ്’ എന്നും കത്തിൽ പറയുന്നു. സംസ്ഥാനത്തെ എല്ലാ ശിവ ക്ഷേത്രങ്ങളിലും കഞ്ചാവ് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു കൊണ്ടുള്ള കത്തായിരുന്നു ഇത്.