രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യാൻ തയ്യാറായി ബന്ധുക്കൾ

0
291

കിൻഫ്രാ പാർക്കിലുണ്ടായ തീപ്പിടിത്തത്തെ തുടർന്ന് ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവൻ നഷ്ടപ്പെട്ട അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യാൻ തയ്യാറായി ബന്ധുക്കൾ. ഇന്ന് പുലർച്ചെ 1:30 ന് രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന ​ഗോഡൗണിൽ വലിയ പൊട്ടിത്തെറിയോട് കൂടിയുണ്ടായ തീ അണയ്ക്കാനെത്തിയതായിരുന്നു രഞ്ജിത്ത്.

മരണമടഞ്ഞ രഞ്ജിത്ത് സേനയുടെ ഭാഗമായിട്ട് ആറു വർഷത്തിലേറെയായിരുന്നു. ആറ്റിങ്ങൽ സ്വദേശിയാണ് രഞ്ജിത്ത്. തീപ്പിടിത്തമുണ്ടായ കിൻഫ്രാ പാർക്കിന് സമീപത്തുള്ള അഗ്നിരക്ഷാ സേനാ യൂണിറ്റുകളിലൊന്നായ ചാക്കയിലെ ഉദ്യോഗസ്ഥാനിയിരുന്നു അദ്ദേഹം. തീപ്പിടിത്തമുണ്ടായ കെട്ടിടത്തിലെ ഷട്ടർ നീക്കി അകത്തേക്ക് കടക്കാനുള്ള ശ്രമത്തനിടെ അദ്ദേഹത്തിന്റെ പുറത്തേക്ക് താബൂക്ക് കൊണ്ട് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു. ഇതിനടിയിൽപ്പെട്ട രഞ്ജിത്തിനെ ഏറെ ബുദ്ധിമുട്ടിയാണ് മാറ്റ് സേനാംഗങ്ങൾ പുറത്തിറക്കിയത്. ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും 3:50 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെയാണ് ഗോഡൗണിൽ പൊട്ടിത്തെറിയുണ്ടായത്. ഈ സമയം അവിടെ സെക്യൂരിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീപിടിത്തത്തെ തുടർന്ന് കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. ബ്ലീച്ചിംഗ് പൗഡറിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. മരുന്നുകളോക്കെ മറ്റൊരു കെട്ടിടത്തിലായിരുന്നു. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂർണ്ണമായും കത്തിയമർന്നു.

ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന പയ്യനായിരുന്നു രഞ്ജിത്തെന്നും ഏത് അടിയന്തര ഘട്ടത്തിലും മുന്നിട്ടിറങ്ങി സഹകരണത്തോടെ പ്രവർത്തിക്കുന്ന വ്യക്തിയായിരുന്നുവെന്നും ചാക്ക യൂണിറ്റിലെ രഞ്ജിത്തിന്റെ സഹപ്രവർത്തകൻ മാധ്യമങ്ങളോട് പറഞ്ഞു. ഒരു വർഷത്തോളമായി ചാക്ക യൂണിറ്റിന്റെ ഭാഗമായ രഞ്ജിത്ത് ഇതിന് മുൻപ് മാവേലിക്കര യൂണിറ്റിലായിരുന്നു സേവനമനുഷ്ടിച്ചിരുന്നത്. സംഭവത്തെ തുടർന്ന് ജില്ലയിലെ മുഴുവൻ ഫയർഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തി നടത്തിയ പ്രവർത്തനത്തിലാണ് തീയണച്ചത്. തീ നിലച്ചെങ്കിലും വൻ തോതിൽ പുക ഉയരുന്നതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഈ സമയത്തെ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് തീപിച്ച വിവരം ഫയർഫോഴ്‌സിനെ അറിയിച്ചത്.