പ്ലസ് വൺ പ്രവേശന കാര്യത്തിൽ ആശങ്ക വേണ്ട, മുഖ്യമന്ത്രി

0
81

പ്ലസ് വൺ പ്രവേശന കാര്യത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവ കേരളം കർമ്മപദ്ധതി രണ്ട് വിദ്യാകിരണം മിഷന്‍റെ ഭാഗമായി കിഫ് ബി, പ്ലാൻ ഫണ്ട്, മറ്റ് ഫണ്ടുകൾ എന്നിവ ഉപയോഗിച്ച് സംസ്ഥാനത്ത് പുതുതായി നിർമ്മിച്ച 97 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം കണ്ണൂർ ധർമ്മടം മുഴപ്പിലങ്ങാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ രംഗത്ത് കൃത്യമായ ആസൂത്രണത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രവർത്തിക്കുന്നത്. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന എല്ലാവർക്കും പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്താൻ തന്നെയാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസം നമ്മുടെ നാടിന്‍റെ ഇന്നത്തെ അവസ്ഥയ്ക്ക് വലിയ തോതിൽ ഉപകരിക്കുന്ന ഘടകമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്ലസ് വൺ ഒന്നാംവർഷ പ്രവേശനത്തിന് പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കും മുമ്പ് തന്നെ വിദ്യാർഥികളേയും രക്ഷകർത്താക്കളെയും ഉത്കണ്ഠപ്പെടുത്തുന്ന തരത്തിൽ വാർത്തകൾ വന്നിട്ടുണ്ടെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ചൂണ്ടിക്കാട്ടി. കഴിഞ്ഞവർഷം അനുവദിച്ച അധിക ബാച്ചുകൾ ഇത്തവണയും നിലനിർത്തും. എല്ലാവർക്കും ഉപരിപഠന സാധ്യത ഒരുക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

അതേസമയം, ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് ജൂണ്‍ 2 മുതല്‍ അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തേതു പോലെ 5 ഘട്ടങ്ങളിലായി പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ തലത്തിൽ തീരുമാനം. ജൂലൈ ആദ്യം ക്ലാസുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി ഓരോ ജില്ലയിലും ആവശ്യാനുസരണം സീറ്റ് വര്‍ധിപ്പിച്ച് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് ഇതിനോടകം തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള വടക്കന്‍ ജില്ലകള്‍ക്കാവും കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുക. വിദ്യാഭ്യാസ ജില്ലയനുസരിച്ച് ലഭ്യമായ സീറ്റുകളുടെയും അപേക്ഷകരുടെയും കണക്കെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.