സൈന്യത്തിന്റെയും അര്‍ധസൈനിക വിഭാഗങ്ങളുടെയും ഇടപെടലില്‍ മണിപ്പൂര്‍ വീണ്ടും ശാന്തമാകുന്നു

0
97

സൈന്യത്തിന്റെയും അര്‍ധസൈനിക വിഭാഗങ്ങളുടെയും ഇടപെടലില്‍ മണിപ്പൂര്‍ വീണ്ടും ശാന്തമാകുന്നു. 18 മണിക്കൂറിലേറെയായി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മെയ്‌തെയ് വിഭാഗം ന്യൂനപക്ഷമായ മേഖലകളില്‍ കൂടുതല്‍ സൈന്യത്തെ നിയോഗിച്ചു. ന്യൂ ചെക്കോണ്‍ മേഖലയില്‍ ഭൂരിഭാഗം കടകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.

മുന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ന്യൂ ചെക്കോണില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചതാണ് വീണ്ടും കലാപസമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നാണ് വിവരം. ഇതിന് മറുപടിയായി മറുവിഭാഗം ആളൊഴിഞ്ഞ വീടുകള്‍ക്ക് വ്യാപകമായി തീയിട്ടു. ഒരു പള്ളിക്കും തീയിട്ടു. ഇതോടെ സംഘര്‍ഷം ഇന്നലെ വൈകുന്നേരം തലസ്ഥാനമായ ഇംഫാലിന് പുറത്തേക്ക് വ്യാപിച്ചു. ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്‌റാങ്ങില്‍ വര്‍ക് ഷോപ്പിന് അക്രമികള്‍ തീയിട്ടു. കരസേനയും പൊലീസും ചേര്‍ന്ന് ഏഴുപേരെ പിടികൂടി. സിംഗിള്‍ ബാരല്‍ തോക്കുമായും ഒരാള്‍ പിടിയിലായിട്ടുണ്ട്.

ആളുകള്‍ സംയമനം പാലിക്കണമെന്നും ചിലര്‍ മനപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതായും മുഖ്യമന്ത്രി എന്‍.ബീരേന്‍ സിങ് പറഞ്ഞു. സംസ്ഥാനത്ത് കര്‍ഫ്യൂവില്‍ വരുത്തിയിരുന്ന ഇളവുകള്‍ ഉടന്‍ പുനഃസ്ഥാപിക്കില്ല. മൊബൈല്‍-ഇന്റര്‍നെറ്റ് വിലക്ക് വെള്ളിയാഴ്ച വരെ നീട്ടിയിട്ടുണ്ട്.