കിന്‍ഫ്രയിലെ തീപിടുത്തം; രക്ഷാപ്രവർത്തനത്തിനിടെ ഫയർ ഓഫീസർ മരിച്ചു

0
116

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ തീപിടുത്തത്തില്‍ അഗ്നിശമന സേനാംഗം രഞ്ജിത് മരിച്ചത് കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞ് ദേഹത്തേക്ക് വീണതുമൂലം. കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ക്കിടയില്‍ രഞ്ജിത് കുടുങ്ങിപ്പോകുകയായിരുന്നു. സാരമായി പരുക്കേറ്റ രഞ്ജിത്തിനെ പുറപ്പെട്ട് കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മൂന്നരയോടെ മരിക്കുകയായിരുന്നു. തിരുവനന്തപുരം ചാക്ക യൂണിറ്റിലെ ഫയര്‍മാനാണ് രഞ്ജിത്.

ഇന്ന് പുലര്‍ച്ചെ ഏകദേശം 1.30 ന് വലിയ ശബ്ദത്തോടെ ഗോഡൗണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കിന്‍ഫ്രയിലെ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് ഇടയിലാണ് രഞ്ജിത്തിന്റെ ദേഹത്തേക്ക് കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞുവീണത്.

ബ്ലീച്ചിംഗ് പൗഡറിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. മരുന്നുകള്‍ മറ്റൊരു കെട്ടിടത്തിലായിരുന്നു. സംഭരണ കേന്ദ്രത്തിലെ കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു. തീ നിലവില്‍ നിയന്ത്രണ വിധേയമാണ്.