കിൻഫ്രയിൽ തീപിടിച്ച കെട്ടിടത്തിന് എൻഒസി ഇല്ലായിരുന്നു: ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ

0
109

തിരുവനന്തപുരം കിൻഫ്രയിൽ തീപിടിച്ച കെട്ടിടത്തിന് ഫയർഫോഴ്‌സിന്റെ എൻഒസി ഇല്ലായിരുന്നുവെന്ന് ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ. തീ അണയ്ക്കുന്നതിനുള്ള യാതൊരു സംവിധാനവും സജ്ജീകരണങ്ങളും കെട്ടിടത്തിൽ ഉണ്ടായിരുന്നില്ല. അന്വേഷണം നടത്തേണ്ടത് പൊലീസാണ്. ഫയർഫോഴ്‌സ് ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ബി സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു.

ബ്ലീച്ചിങ് പൗഡറിൽ വെള്ളം വീണും ആൽക്കഹോൾ കലർന്ന വസ്തുക്കൾ തട്ടിയും ആകാം തീപിടുത്തമുണ്ടായതെന്ന് കരുതാം. അതിനുള്ള സാധ്യതയാണുള്ളത്. ഫൊറൻസിക് റിപ്പോർട്ടിന് ശേഷമേ എന്തെങ്കിലും പറയാനാകൂവെന്ന് ബി സന്ധ്യ വ്യക്തമാക്കി.

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രഞ്ജിത്തിന്റെ വിയോഗത്തിലും ഫയർഫോഴ്‌സ് മേധാവി അനുസ്മരിച്ചു. പൊലീസ് അന്വേഷണം തുടങ്ങിയാലേ തീപിടുത്തത്തിന്റെ കാരണം വ്യക്തമാകൂ. വലിയ ദുഃഖമാണ് രഞ്ജിത്തിന്റെ വിയോഗത്തിലൂടെയുണ്ടായതെന്നും ബി സന്ധ്യ മാധ്യമങ്ങളോട് പ്രതികരിച്ചു.

മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് പുലർച്ചെയോടെ തീപിടിച്ചത്. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന കെട്ടിടം പുലർച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കെട്ടിടം പൂർണമായും കത്തി നശിച്ചു. സെക്യൂരിറ്റി മാത്രമേ തീപിടിച്ച സമയത്ത് സ്ഥലത്തുണ്ടായിരുന്നുള്ളൂ.