ചില ലക്ഷ്യങ്ങളോടെയാണ് 2000 രൂപ നോട്ട് ഇറക്കിയതെന്നും അത് പൂര്‍ത്തിയായെന്നും RBI

0
128

ചില ലക്ഷ്യങ്ങളോടെയാണ് 2000 രൂപ നോട്ട് ഇറക്കിയതെന്നും അത് പൂര്‍ത്തിയായെന്നും റിസര്‍വ് ബാങ്ക്. വിനിമയആവശ്യങ്ങള്‍ക്ക് മറ്റു നോട്ടുകള്‍ ലഭ്യമാണ്. എല്ലാ നോട്ടുകളും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്‍ബിഐ വ്യക്തമാക്കി.

നോട്ട് മാറാന്‍ എത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാനും ബാങ്കുകളോട് ആര്‍ബിഐ നിര്‍ദേശിച്ചു. വെയില്‍ ഏല്‍ക്കാതെ ഉപഭോക്താക്കള്‍ക്ക് നോട്ടുകള്‍ മാറാന്‍ ഷെല്‍ട്ടര്‍ സംവിധാനവും കുടിവെള്ളം സൗകര്യവും ഒരുക്കണം. നോട്ട് കൈമാറാന്‍ തിരിച്ചറിയല്‍ രേഖ വേണ്ട. എല്ലാ കൗണ്ടറുകളില്‍ നിന്നും നോട്ടു മാറാന്‍ ബാങ്കുകള്‍ സംവിധാനമൊരുക്കണമെന്നും ആര്‍ബിഐ ആവശ്യപ്പെട്ടു. നാളെ മുതലാണ് 2000 രൂപ നോട്ടുകള്‍ മാറ്റി നല്‍കുക. ഇതിന്റെ ഭാഗമായാണ് ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍. ക്ലീന്‍ നോട്ട് പോളിസിയുടെ ഭാഗമായാണ് 2000 രൂപയുടെ നോട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് ആര്‍ബിഐ കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. നിലവില്‍ പ്രചാരത്തിലുള്ള നോട്ടുകള്‍ 2023 സെപ്തംബര്‍ മുപ്പതിനകം ബാങ്കുകളില്‍ തിരികെ നല്‍കാനാണ് നിര്‍ദ്ദേശം. അതുവരെ നോട്ടുകള്‍ നിയമപരമായി തുടരും.

2000 രൂപ നോട്ടുകള്‍ എങ്ങനെ മാറ്റാം?: സെപ്തംബര്‍ 30 വരെ 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാനും മാറ്റാനും ആര്‍ബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൗരന്മാര്‍ക്ക് 2000 നോട്ടുകള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാനോ അല്ലെങ്കില്‍ ഏതെങ്കിലും ബാങ്ക് ശാഖയില്‍ നിന്നും 2000 ത്തിന് പകരം മറ്റ് മൂല്യങ്ങളുടെ ബാങ്ക് നോട്ടുകള്‍ക്കായി മാറ്റി വാങ്ങാനും കഴിയും. ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്ര രൂപ വരെ നിക്ഷേപിക്കാമെന്ന സംശയം ഉണ്ടാകാം.

ഇത് സാധാരണ രീതിയില്‍, അതായത് നിയന്ത്രണങ്ങളില്ലാതെ, നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ക്കും മറ്റ് ബാധകമായ നിയമപരമായ വ്യവസ്ഥകള്‍ക്കും വിധേയമായി നടത്താം. അതായത് മുന്‍പ് നിക്ഷേപിച്ചിരുന്നത് പോലെ തന്നെ മാറ്റങ്ങളൊന്നും തന്നെ ഇല്ലാതെ നിക്ഷേപിക്കാമെന്ന് അര്‍ഥം. കൈമാറ്റ പരിധി: 2023 മെയ് 23 മുതല്‍ ഏത് ബാങ്കിലും 2000 രൂപ നോട്ടുകള്‍ മറ്റ് മൂല്യങ്ങളുടെ ബാങ്ക് നോട്ടുകളാക്കി മാറ്റുന്നത് ഒരു സമയം 20,000 രൂപ വരെയാക്കാമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്.