മെയ് 19ന് ജൂനിയർ എൻടിആറിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് 2003ൽ ഇറങ്ങിയ അദ്ദേഹത്തിന്റെ സിംഹാദ്രി എന്ന ചിത്രം വീണ്ടും റിലീസ് ചെയ്തിരുന്നു. തെലുങ്ക് സംസ്ഥാനങ്ങളിൽ മാത്രമാണ് ചിത്രത്തിന്റെ റീ റിലീസ് ഉണ്ടായിരുന്നത്. സിംഹാദ്രി റീ റിലീസ് ചെയ്തതോടെ ജൂനിയർ എൻടിആറിന്റെ ആരാധകർ വലിയ ആവേശത്തിലായിരുന്നു. തിയേറ്ററുകൾ നിറഞ്ഞ പ്രദർശനമായിരുന്നു സിംഹാദ്രിയുടേത്. റീമാസ്റ്റർ ചെയ്‌ത് 4k-യിൽ ആണ് ചിത്രം വീണ്ടും റിലീസ് ചെയ്തത്. ആരാധകർ പടക്കം പൊട്ടിച്ചും മറ്റുമാണ് ഇത് ആഘോഷമാക്കിയത്.
എന്നാൽ പടക്കം പൊട്ടിച്ചുള്ള ഈ ആഘോഷം പിന്നീട് വലിയ അപകടത്തിന് കാരണമാകുകയും ചെയ്തു. ജൂനിയർ എൻടിആർ ആരാധകർ തിയേറ്റർ ഹാളിനുള്ളിൽ പടക്കം കത്തിച്ചതിനെ തുടർന്ന് തിയേറ്ററിന് തീപിടിക്കുകയായിരുന്നു. വിജയവാഡയിലുള്ള അപ്സര തിയേറ്ററിനുള്ളിലാണ് തീപിടിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇന്റർനെറ്റിലുടനീളം പ്രചരിക്കുന്ന വീഡിയോയിൽ മുൻ നിരയിലുള്ള ഏതാനും സീറ്റുകൾ കത്തുന്നത് കാണാം.
തീപിടിത്തത്തെ തുടർന്ന് ഷോ റദ്ദാക്കേണ്ടി വരികയും ചെയ്തു. സംഭവം നടന്നയുടനെ തിയേറ്ററിൽ പോലീസിനെ വിന്യസിക്കുകയും ഇവർ ജനക്കൂട്ടത്തെ നിയന്ത്രിച്ച് എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു.
സംഭവത്തോട് പ്രതികരിച്ച് ജൂനിയർ എൻടിആർ ആരാധകർ സോഷ്യൽ മീഡിയയിൽ തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചു. “ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ല. നാശനഷ്ടം ആര് നികത്തും?” എന്നായിരുന്നു ഒരു ഉപയോക്താവ് കുറിച്ചത്. “ഇത് വളരെ സങ്കടകരമാണ്. ചില അനിയന്ത്രിതമായ ആരാധകരുടെ (sic) പെരുമാറ്റം മൂലം തീയേറ്റർ ഉടമയ്ക്ക് നഷ്ടം നേരിടേണ്ടിവരുന്നു, എന്നാണ് മറ്റൊരാൾ കുറിച്ചത്.
5.14 കോടി രൂപയുടെ ഗ്രോസ് കളക്ഷനുമായി സിംഹാദ്രി ആദ്യ ദിനം വൻ ഓപ്പണിംഗ് രേഖപ്പെടുത്തി. 2003ൽ എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു സിംഹാദ്രി. സ്റ്റുഡന്റ് നമ്പർ 1 എന്ന ചിത്രത്തിന് ശേഷം ജൂനിയർ എൻടിആറുമായി രാജമൗലി ചെയ്ത രണ്ടാമത്തെ ചിത്രമാണിത്.