രാജ്യത്തെ നടുക്കിയ മംഗളൂരു വിമാന ദുരന്തത്തിന് ഇന്നേക്ക് പതിമൂന്ന് വർഷം

0
35

2010 മെയ് 22. നാടിനെ നടുക്കിയ ദുരന്ത വാർത്ത കേട്ടാണ് ആ ശനിയാഴ്ച്ച പുലർന്നത്. 160 യാത്രക്കാരും ആറ് ജീവനക്കാരുമായി ദുബായിയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ റൺവേക്ക് സമീപം സ്ഥാനം തെറ്റി ഇടിച്ചിറങ്ങുകയായിരുന്നു. നിമിഷങ്ങൾക്കകം വിമാനം കത്തിയമർന്നു. 52 മലയാളികളടക്കം 158 പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി. എട്ട് പേർക്ക് മാത്രമാണ് ജീവിതം തിരികെ കിട്ടിയത്.

ഇന്ത്യയിൽ സംഭവിച്ച മൂന്നാമത്തെ വലിയ വിമാന അപകടമാണ് മംഗലാപുരത്തുണ്ടായത്. 1996-ലെ ചക്രി ദർദി വിമാനപകടത്തിൽ 349 പേർ മരിച്ചതും, 1978-ൽ 213 പേർ മരിച്ച എയർ ഇന്ത്യ വിമാനം 855-ഉം ആണ് സംഭവിച്ച മറ്റു രണ്ടു വലിയ ദുരന്തങ്ങൾ. 1996ന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ വിമാന ദുരന്തമായിരുന്നു മംഗളൂരുവിലേത്.

വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ റൺവേയിൽ നിന്നും തെന്നിമാറി സമീപത്തെ വലിയ കുഴിയിലേക്ക് പതിച്ച് തീപിടിക്കുകയായിരുന്നു. ഐ എൽ എസ് സംവിധാനമുപയോഗിച്ച് ഇറങ്ങുമ്പോൾ വിമാനത്തിന് വേഗത അധികമാണെന്ന് മനസിലാക്കി ടച്ച് ആൻഡ് ഗോവിനു ശ്രമിച്ച പൈലറ്റ് റൺവേ തികയാതെ ഐ എൽ എസ് ടവറിലിടിക്കുകയായിരുന്നു.

അപകടത്തിൽ മരിച്ചവർക്ക് 75 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചെങ്കിലും അതിനായുള്ള കാത്തിരിപ്പും, നിയമ പോരാട്ടവും ഇപ്പോഴും തുടരുകയാണ്. ന്യായമായ നഷ്ട പരിഹാരത്തിനായി സുപ്രീംകോടതി വരെ കേസെത്തി. രാജ്യം കണ്ട ഏറ്റവും വലിയ വിമാന ദുരന്തം അവശേഷിപ്പിക്കുന്നത് ഇത്തരം നീതികേടുകൾ കൂടിയാണ്.