യുവതാരം ഹോർമിപാം റൂഇവയുടെ കാരാർ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ്

0
86

യുവതാരം ഹോർമിപാം റൂഇവയുടെ കാരാർ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. 2027 വരെയാണ് താരത്തിന്റെ കരാർ പുതുക്കിയതെന്ന് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും തികച്ച യുവ പ്രതിരോധ താരങ്ങളിൽ ഒരാളായ ഹോർമിപാം കരാർ പുതുക്കിയത് കേരള ബ്ലാസ്റ്റേഴ്സിന് പുതു ഊർജം നല്കുമെന്നതിൽ സംശയമില്ല. 22 വയസ്സ് മാത്രം പ്രായമുള്ള ഹോർമിപാം 2021 ലാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. മണിപ്പൂരുകാരനായ ഹോർമിപാം സ്പോർട്സ് അക്കാദമി ഓഫ് ഇന്ത്യയുടേയും മിനർവാ പഞ്ചാബിന്റെയും അക്കാദമിയിലൂടെയാണ് വളർന്നത്.

തുടർന്ന്, പഞ്ചാബ് എഫ്‌സിക്ക് വേണ്ടിയും വായ്‌പാടിസ്ഥാനത്തിൽ ഇന്ത്യൻ ആരോസിന് വേണ്ടിയും ബൂട്ട് കെട്ടിയിരുന്നു. അവക്കടെ നിന്ന താരം കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായത്. കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം മാർക്കോ ലെസ്‌കോവിച്ചിനൊപ്പം താരം കളിക്കളത്തിൽ ഉണ്ടാക്കിയെടുത്ത കൂട്ടുകെട്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ നട്ടെല്ലായിരുന്നു. കേരളത്തിന്റെ മഞ്ഞക്കുപ്പായത്തിലെ പ്രകടനം ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള വഴി താരത്തിന് തുറന്നു നൽകി. 2022 മാർച്ചിൽ ബഹ്‌റിനും ബെലാറസിനും എതിരായ സൗഹൃദ മത്സരത്തിലേക്കുള്ള ടീമിൽ താരം ഇടം പിടിച്ചു. ബെലാറസിനെതിരായ മത്സരത്തിൽ താരം ഇന്ത്യയുടെ നീലക്കുപ്പായം അണിഞ്ഞു കളിക്കളത്തിൽ ഇറങ്ങി.

ഈ വർഷം അവസാനിച്ച ഇന്ത്യൻ ഫുട്ബോൾ സീസണിലും ക്ലബ്ബിനായി താരം മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്. 2024 വരെയാണ് താരത്തിന്റെ നിലവിലുള്ള കോൺട്രാക്ട്. ആ കരാറാണ് 2027 വരെ ക്ലബ് പുതുക്കിയത്.