മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 40 വർഷം കഠിന തടവ്

0
120

മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 40 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മാവിലകടപ്പുറം സ്വദേശി ഷാജിക്കാണ് 40 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2019 ജനുവരി 14ന് ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതി വീട്ടിൽ അതിക്രമിച്ച് കയറി മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. വീട്ടിൽ കുട്ടികൾ മാത്രമുള്ളപ്പോഴാണ് പ്രതി അതിക്രമം നടത്തിയത്. പിന്നീട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

അന്നത്തെ ചന്തേര സി.ഐ ആയിരുന്ന വിപിൻ ചന്ദ്രന്റെ നേതൃത്വത്തിലാണ് പോലീസ് കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. നാല് വർഷത്തിന് ശേഷമാണ് കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ പ്രതി രണ്ട് വർഷം കൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണയ ഹാജരായി.