സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

0
81

കർണാടകയുടെ 30-ാമത് മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന്റെ പ്രതീകമായ സത്യപ്രതിജ്ഞാ ചടങ്ങിൽ നിരവധി നേതാക്കൾ പങ്കെടുത്തു.

ബെംഗളൂരു കണ്ഠീരവ സ്‌റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ കർണാടക ഗവർണർ തവർചന്ദ് ഗെലോട്ട് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കർണാടക മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും പുറമെ എംഎൽഎമാരായ ജി പരമേശ്വര, കെ.എച്ച് മുനിയപ്പ, കെ.ജെ ജോർജ്, എം.ബി പാട്ടീൽ, സതീഷ് ജാർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഡി, B Z സമീർ അഹമ്മദ് ഖാൻ എന്നിവർ പുതുതായി അധികാരമേറ്റ കർണാടക സർക്കാരിൽ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മുൻ ഉപമുഖ്യമന്ത്രിയും സംസ്ഥാന ആഭ്യന്തരമന്ത്രിയുമാണ് ജി പരമേശ്വര. 2013ൽ കോൺഗ്രസ് ജയിച്ചപ്പോൾ കെപിസിസി പ്രസിഡന്റായിരുന്നു. ദക്ഷിണ കർണാടകയിലെ പാർട്ടിയുടെ എസ്‌സി (വലത്) മുഖമാണ് അദ്ദേഹം.

ഏഴ് തവണ എംപിയായ കെ എച്ച് മുനിയപ്പ മുൻ കേന്ദ്രമന്ത്രിയും പാർട്ടിയുടെ ശക്തമായ പട്ടികജാതി (ഇടത്) മുഖവുമാണ്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ നാല് തവണ എംഎൽഎയായും പട്ടികജാതി (വലത്) നേതാവുമാണ്. ബെലഗാവിയിലെ ശക്തരായ ജാർക്കിഹോളി കുടുംബത്തിൽ പെട്ടയാളാണ് സതീഷ് ജാർക്കിഹോളി. പാർട്ടിയുടെ എസ്ടി മുഖം കൂടിയാണ് അദ്ദേഹം. ബെംഗളൂരുവിൽ നിന്ന് എട്ട് തവണ എംഎൽഎയായ രാമലിംഗ റെഡ്ഡി പാർട്ടിയുടെ ശക്തമായ നഗര മുഖമാണ്.

മുൻ സംസ്ഥാന ആഭ്യന്തര മന്ത്രിയും കോൺഗ്രസിന്റെ പ്രധാന നേതാവുമാണ് കെ ജെ ജോർജ്. പാർട്ടിയുടെ ന്യൂനപക്ഷ മുഖങ്ങളിൽ ഒരാളാണ് അദ്ദേഹം. സിദ്ധരാമയ്യയുടെ അടുത്തയാളാണ് ബി.സെഡ് സമീർ അഹമ്മദ് ഖാൻ. ബെംഗളൂരു നഗരത്തിൽ നിന്നുള്ള പാർട്ടിയുടെ മറ്റൊരു ന്യൂനപക്ഷ മുഖമാണ് അദ്ദേഹം. എം.ബി പാട്ടീൽ പ്രചാരണ സമിതി അധ്യക്ഷനായിരുന്നു. പാർട്ടിയുടെ ലിംഗായത്ത് മുഖമായ അദ്ദേഹം മുംബൈ കർണാടക മേഖലയിൽ നിന്നുള്ളയാളാണ്.