ജി 20 ഉച്ചകോടിക്ക് മുന്നോടിയായി ശ്രീനഗറിൽ നടക്കുന്ന യോഗത്തെ ചൊല്ലി കൊമ്പുകോർത്ത് ഇന്ത്യയും ചൈനയും. തർക്കമേഖലയിൽ യോഗം നടത്തുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് ചൈന വ്യക്തമാക്കി. പിന്നാലെ യോഗത്തിൽ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി. ശ്രീനഗർ ഇന്ത്യയുടെ ഭാഗമാണെന്നും, എവിടെയും യോഗം നടത്താനുള്ള അധികാരമുണ്ടെന്നും ഇന്ത്യ തിരിച്ചടിച്ചു.
തിങ്കളാഴ്ച മുതൽ ബുധനാഴ്ചവരെയാണ് വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ട ജി 20 യോഗം ശ്രീനഗറിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. യോഗത്തിന് മുന്നോടിയായി കനത്ത സുരക്ഷ ശ്രീനഗറിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കശ്മീർ പുനസംഘടനക്ക് പിന്നാലെ ഇതാദ്യമായാണ് ഇത്രയും പ്രാധാന്യമുള്ള യോഗം ശ്രീനഗറിൽ സംഘടിപ്പിക്കുന്നത്. ജി 20 രാജ്യങ്ങളിൽ നിന്നായി 60 പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. തുർക്കിയും, സൗദി അറേബ്യയും ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ല.
അതേസമയം, ജി ഏഴ് ഉച്ചക്കോടിയുടെ വേദിയിൽ നരേന്ദ്ര മോദിയും ജോ ബൈഡനും പരസ്പരം ആലിംഗനം ചെയ്തു. ജപ്പാനിലെ ഹിരോഷിമയിൽ ഉച്ചകോടി തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് വേദിയിൽ ഇരുവരും പരസ്പരം കണ്ടത്. ഭക്ഷ്യ, രാസവള, ഊർജ്ജ സുരക്ഷയുൾപ്പെടെയുള്ള ആഗോള വെല്ലുവിളികളെക്കുറിച്ച് പ്രധാനമന്ത്രി മോദി ഉച്ചകോടിയിൽ സംസാരിക്കും.
കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ് എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉൾപ്പെട്ടതാണ് ജി7. അതിഥി രാജ്യമായാണ് ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. യുക്രൈൻ പ്രസിഡൻറ് വ്ളോഡിമിർ സെലൻസ്കിയുമായി ഇന്ന് മോദി കൂടിക്കാഴ്ച നടത്തുണ്ട്. രാവിലെ വിയ്റ്റനാം പ്രധാനമന്ത്രിയുമായി മോദി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.