മുംബൈ എൻസിബി മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. സിബിഐ നടപടിക്കെതിരെയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ആര്യൻ ഖാൻ കേസിലെ പ്രതികാര നടപടിയെന്ന് ഹർജിയിൽ ആരോപണം.ഇന്ന് ഉച്ചയ്ക്ക് 2.30ന് ഹർജിയിൽ അടിയന്തര വാദം കേൾക്കും.
അതിനിടെ സമീർ വാങ്കഡെയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി വിജിലൻസ് റിപ്പോർട്ട് പുറത്തുവന്നു. റിയ ചക്രവർത്തി, ആര്യൻ ഖാൻ എന്നിവരുൾപ്പെടെ നിരവധി ഉന്നതരുമായി ബന്ധപ്പെട്ട കേസുകൾക്ക് മേൽനോട്ടം വഹിച്ച വാങ്കഡെ കണക്കിൽപെടാത്ത സ്വത്ത് സമ്പാദിച്ചതായും കുടുംബവുമായി നിരവധി തവണ വിദേശ യാത്രകൾ നടത്തിയതായും എൻ.സി.ബിയുടെ വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ കുടുക്കാതിരിക്കാൻ ഷാരൂഖ് ഖാനോട് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ വാങ്കഡെയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണം നടക്കുന്നതിനിടെയാണ് വിജിലൻസ് റിപ്പോർട്ട്. വാങ്കഡെക്ക് മുംബൈയിൽ നാലു ഫ്ളാറ്റുകളും വഷീമിൽ 41,688 ഏക്കർ ഭൂമിയും ഉള്ളതായി റിപ്പോർട്ടിൽ പറയുന്നു. 2.45 കോടി വിലമതിക്കുന്ന അഞ്ചാമത്തെ ഫ്ലാറ്റിന് വാങ്കഡെ 2.45 കോടി രൂപ ചെലവഴിച്ചതായും വങ്കഡെ സമ്മതിച്ചതായി അന്വേഷണസംഘം അറിയിച്ചു. എന്നാൽ 1.25 കോടി രൂപയാണ് വാങ്കഡെ ഇതിന് മുടക്കിയത്. എന്നാൽ ഈ വരുമാനത്തിന്‍റെ ഉറവിടം ബോധ്യപ്പെടുത്താൻ വാങ്കഡെക്ക് കഴിഞ്ഞിട്ടില്ല.