യുവനടിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ ഓടിച്ചിട്ടു പിടിച്ചു; ഹീറോയായി കണ്ടക്ടര്‍

0
159

കെഎസ്ആര്‍ടിസി ബസില്‍ യുവനടിയോട് യുവാവ് അപമര്യാദയായി പെരുമാറിയ സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. യുവനടി തന്നെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോയില്‍ ശ്രദ്ധേയമായത് ബസിലെ കണ്ടക്ടറുടെ ഇടപെടലായിരുന്നു.

ബസിനുള്ളില്‍ നിന്ന് പ്രശ്‌നത്തില്‍ ഇടപെടുകയും തുടര്‍ന്ന് ആരോഗ്യവാനായ യുവാവിനെ രക്ഷപ്പെടാന്‍ സമ്മതിക്കാതെ നടുറോഡില്‍ തടയാന്‍ ശ്രമിക്കുകയും ചെയ്ത കണ്ടക്ടറായിരുന്നു വീഡിയോയിലെ ശ്രദ്ധാകേന്ദ്രം. ബസിനുള്ളില്‍ നിന്ന് പെണ്‍കുട്ടിയോട് പരാതിയുണ്ടോ എന്ന് ചോദിച്ച കണ്ടക്ടര്‍ പരാതിയുണ്ടെന്ന മറുപടി ലഭിച്ചതോടെ ബസ് നിര്‍ത്തരുതെന്ന് ഡ്രൈവറോട് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം.

ഇടയ്ക്ക് ബസ് നിര്‍ത്തിയപ്പോള്‍ യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് നടുറോഡില്‍ യുവാവുമായി കണ്ടക്ടര്‍ ബലപ്രയോഗത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍, കണ്ടക്ടറെ തള്ളിമാറ്റി യുവാവ് ഓടി രക്ഷപ്പെട്ടു. വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ യുവാവിനെ കണ്ടക്ടര്‍ പിന്തുടര്‍ന്നു. യാത്രക്കാരും ഒപ്പം കൂടിയതോടെ യുവാവ് പിടിയിലായി.

പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ യുവാവിനെ സധൈര്യം നേരിട്ട കണ്ടക്ടര്‍ ആരാണെന്ന് കണ്ടെത്താനായി സോഷ്യല്‍ മീഡിയയുടെ ശ്രമം. തുടര്‍ന്ന് കണ്ടക്ടറുടെ പേര് കെ.കെ പ്രദീപ് എന്നാണെന്നും ബ്രാഞ്ച് സെക്രട്ടറി, മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം, കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങിയ ചുമതലകള്‍ വഹിക്കുന്നയാളെന്നും കണ്ടെത്തി. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി പ്രതിയെ നിയമത്തിന് മുന്നിലെത്തിച്ച കണ്ടക്ടറുടെ ആത്മധൈര്യത്തെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്ത് എത്തുന്നത്.