കിരൺ റിജിജുവിനെ നിയമമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി

0
113

കിരൺ റിജിജുവിനെ നിയമമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി. അർജുൻ റാം മേഘ്‌വാളിനാണ് പകരം ചുമതല. കിരൺ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നൽകും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുപാർശ അനുസരിച്ചാണ് നിയമമന്ത്രി സ്ഥാനത്ത് നിന്ന് കിരൺ റിജിജുവിനെ മാറ്റിയത്. അതീവ രഹസ്യമായി സുപ്രധാന തീരുമാനമാണ് മോദി സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് നീക്കം. സംസ്ഥാന തെരഞ്ഞെടുപ്പുകളിലെല്ലാം ഏകീകൃത സിവിൽ കോഡ് പ്രചാരണ വിഷയമാക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് കിരൺ റിജിജുവിനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയത്. രാജസ്ഥാനിൽ നിന്നുള്ള മന്ത്രിയാണ് അർജുൻ റാം മേഘ്വാൾ.

തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര മന്ത്രി പദവി നൽകിയുള്ള നീക്കം ബിജെപി ഇതിന് മുൻപും നടത്തിയിട്ടുണ്ട്. രാജസ്ഥാൻ തെരഞ്ഞെടുപ്പിനെ അഭിമാനപോരാട്ടമായാണ് ബിജെപി കാണുന്നത്. ഈ പശ്ചാത്തലത്തിലാണ് രാജസ്ഥാനിൽ നിന്നുള്ള അർജുൻ റാം മോഘ്വാളിന് കേന്ദ്ര മന്ത്രി പദവി നൽകിയത്.