ആൺകോയ്മ വ്യവസ്ഥ രൂപപ്പെടുത്തിയ വെല്ലുവിളികളെ നേരിടാൻ കുടുംബശ്രീക്ക് സാധിക്കും; ഡോ. ബിനിത തമ്പി

0
122

രജതജൂബിലിയുടെ ഭാഗമായി നടന്ന ആദ്യ ദിനത്തിലെ രണ്ടാം പാനൽ ചർച്ച, സ്ത്രീ സംരംഭകർ സാമൂഹിക മാറ്റത്തിന്റെ ചാലകം എന്ന വിഷയത്തിൽ നടന്നു. ഡെവലപ്മെൻറ് കൺസൾട്ടന്റ് ആയ ഡോ. നിർമ്മല സാനു ജോർജ് ചർച്ച നിയന്ത്രിച്ചു. പാനൽ ചർച്ചയിൽ പങ്കെടുത്ത വിശിഷ്ടാതിഥികൾ തങ്ങളുടെ ജീവിതകഥകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. സ്ത്രീ സംരംഭകർ നേരിടുന്ന ആൺകോയ്മ വ്യവസ്ഥ രൂപപ്പെടുത്തിയ വെല്ലുവിളികളെ നേരിടാൻ കുടുംബശ്രീക്ക് സാധിക്കുമെന്ന് ഐഐടി പ്രൊഫസർ ആയ ഡോ. ബിനിത തമ്പി പറഞ്ഞു. മികച്ച സംരംഭകർ ഒരുപാടുള്ള കുടുംബശ്രീയിൽ വിജയം കൈവരിക്കാൻ ആകാതെ പോകുന്ന സംരംഭകരുടെ പ്രശ്നങ്ങൾ പഠിക്കാനുള്ള സംവിധാനം കുടുംബശ്രീയിൽ തന്നെ രൂപീകരിക്കണം എന്നും അവർ അഭിപ്രായപ്പെട്ടു. അഞ്ചാം ക്ലാസിലെ ആദ്യ നിലമ്പൂർ യാത്രയിലൂടെ യാത്രകളെ സ്നേഹിച്ചു തുടങ്ങിയ വിമൻസ് ട്രാവൽ ഗ്രൂപ്പ് ആയ ലെറ്റ്സ് ഗോ ഫോർ എ ക്യാമ്പിൻ്റെ സ്ഥാപക ഗീതു മോഹൻദാസ്, താൻ നടത്തിയ യാത്രകളിലെ അനുഭവം പങ്കുവെച്ചതിനോടൊപ്പം, ടൂറിസം മേഖലയിലൂടെ കുടുംബശ്രീ സംരംഭകർക്കുണ്ടാകുന്ന വിപണന സാധ്യതകളെക്കുറിച്ചും സംസാരിച്ചു.

സ്വന്തം സംരംഭം എന്ന ആഗ്രഹത്തിൽ ആരംഭിച്ച നുട്രിമിക്സ് യൂണിറ്റ്, ഇന്ന് പ്രതിവർഷം രണ്ടരക്കോടിയോളം ടേൺ ഓവറുള്ള വളർന്നതിൻ്റെ സന്തോഷമാണ് ഭാഗീരഥി പങ്കുവെച്ചത്. കുടുംബശ്രീയുടെ പ്രോത്സാഹനത്തോടെ ഡിഗ്രിയും പിജിയും പൂർത്തിയാക്കിയ ഭാഗീരഥി ഇപ്പോൾ പി എച്ച് ഡി എടുക്കാനുള്ള ശ്രമത്തിലാണ്. തന്റെ അറുപതുകളിലും ഒരുപാട് പേർക്ക് പ്രചോദനവും, വഴികാട്ടിയുമായി പ്രവർത്തിക്കുകയാണ് ഇവർ. വീട്ടിൽ നിന്ന് അധികമൊന്നും പുറത്ത് പോയി ശീലമില്ലാത്ത ഭാഗീരഥി ന്യൂട്രിമിക്സ് യൂണിറ്റിന്റെ ട്രെയിനിങ്ങിന് വേണ്ടിയാണ് ആദ്യമായി കാസർഗോഡ് വരെ പോവുന്നത്. എന്നാൽ വർഷങ്ങൾക്കിപ്പുറം ദുബായ് ഫെസ്റ്റിൽ വരെ ഭാഗീരഥിയുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുത്തു എന്നത് ഓരോ സ്ത്രീകളും മാതൃകയാക്കേണ്ടതാണ്.

അധ്യാപനം ഉപേക്ഷിച്ച് കൃഷിയിലേക്ക് വന്നതിലൂടെ തൻറെ ചുറ്റിലുമുള്ള ഒരുപാട് വനിതകൾക്ക് ജോലി നൽകാൻ സാധിച്ചതിലുള്ള സന്തോഷമാണ് കർഷകയും വനിതാ സംരംഭക യുമായ സന്ധ്യ പങ്കുവെച്ചത്. കാൻസറിനു മുന്നിൽ പകച്ചുനിന്ന വിജയ,20 വർഷങ്ങൾക്കുശേഷം ഈ വേദിയിൽ നിൽക്കാൻ കാരണമായത് കുടുംബശ്രീയാണെന്നും ടെക്നോവേൾഡ് ഐടി യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്കിടയിൽ തൻ്റെ രോഗത്തെക്കുറിച്ച് മറന്നു പോകാറുണ്ടെന്നും പറഞ്ഞു. മീറ്റ് ആൻഡ് എഗ്ഗ് എക്സ്പോർട്സ് ഉടമയായ റുമാന, കുടുംബശ്രീ ഗ്രൂപ്പുകളുടെ സഹായത്താൽ തൻറെ സംരംഭം വിജയകരമായി മുന്നോട്ടു പോകുന്നതിനെക്കുറിച്ച് സംസാരിച്ചു.

കുടുംബശ്രീ എൻ ആർ ഓ മെൻ്റർ ആയ ജിബി വർഗ്ഗീസ് തൻ്റെ കുടുംബശ്രീ അനുഭവങ്ങളും ചർച്ചയിൽ പങ്ക് വെച്ചു. മൂന്നാമതായി സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ആക്രമങ്ങൾ തടയാനുള്ള കൂട്ടായ പ്രവർത്തനം എന്ന വിഷയത്തിൽ ചർച്ചകൾ നടന്നു.