ലോകത്തിൽ ഏറ്റവും മൂല്യമുള്ള എഡ്-ടെക് (ed-tech) സ്ഥാപനമായ ബൈജൂസ് (Byju’s) വീണ്ടും വിഭവ സമാഹരണം നടത്തി. അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് (alternative investment) കമ്പനിയായ ഡേവിഡ്സൺ കെംപ്നർ ക്യാപിറ്റലിൽ നിന്നാണ് 25 കോടി ഡോളറിന്റെ (ഏകദേശം 2,000 കോടി രൂപ) വായ്പ ബൈജൂസ് സ്വീകരിച്ചത്. പ്രവേശന പരീക്ഷയ്ക്ക് പരിശീലനം നൽകുന്ന ബൈജൂസിന്റെ ഉപസ്ഥാപനമായ ആകാശ് എഡ്യൂക്കേഷണൽ സർവീസസിന്റെ ക്യാഷ് ഫ്ലോയ്ക്ക് (cash flows) പകരമായി സ്ട്രക്ചേർഡ് ക്രെഡിറ്റ് ട്രാൻസാക്ഷൻ (structured credit transaction) എന്ന രീതിയിലാണ് ബൈജൂസിലേക്ക് ഫണ്ട് എത്തിയതെന്ന്, ഇടപാടുമായി നേരിട്ട് ബന്ധമുള്ള രണ്ട് പേർ വെളിപ്പെടുത്തി.
മേൽസൂചിപ്പിച്ച രണ്ട് പേർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ, മൂന്ന് വർഷ കാലയളവിലേക്കുള്ള വായ്പ ഇടപാട്, വെള്ളിയാഴ്ചയാണ് പൂർത്തിയായത്. സമീപ ഭാവിയിൽ നടക്കുമെന്ന് കരുതപ്പെടുന്ന ആകാശ് എഡ്യൂക്കേഷണൽ സർവീസസിന്റെ പ്രാഥമിക ഓഹരി വിൽപനയിൽ (IPO), ഓഹരിയുടെ മൂല്യത്തിന് അനുസരിച്ച് വേണമെങ്കിൽ ഭാവിയിൽ അധിക പണം സ്വീകരിക്കുന്നതിനുള്ള ഓപ്ഷനും ഈ ഇടപാടിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വിപണിയുമായി ബന്ധപ്പെടുത്തിയിട്ടുള്ള സെക്യൂരിറ്റീസ് അധിഷ്ഠിത നിക്ഷേപ മാർഗമാണ് സ്ട്രക്ചേർഡ് ക്രെഡിറ്റ് ട്രാൻസാക്ഷൻ എന്നു വിശേഷിപ്പിക്കുന്നത്. കമ്പനി പ്രാഥമിക ഓഹരി വിൽപന നടത്തുന്ന ഘട്ടത്തിൽ, ഈ വായ്പ ഓഹരികളായി രൂപാന്തരപ്പെടുത്താനും അനുവദിക്കുന്നതാണ്.
അതേസമയം, നിലവിൽ ഓഹരിയായി മാറ്റാനാകാത്ത കടപ്പത്രങ്ങളും (NCDs) ചെറിയൊരു ഭാഗം നിർബന്ധിതമായി ഓഹരിയായി മാറ്റാവുന്ന കടപ്പത്രവും (CCDs) ചേർന്നാണ് ഡേവിഡ്സൺ കെംപ്നർ ക്യാപിറ്റലിൽ നിന്നും ബൈജൂസിലേക്ക് വായ്പ നൽകിയിട്ടുള്ളതെന്നും ഇവർ പറഞ്ഞു. ഇവയെല്ലാം നിർദേശിക്കപ്പെട്ടിട്ടുള്ള ആകാശ് ഐപിഒയുടെ അന്തിമ മൂല്യ നിർണയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കപ്പെടുക. ഓഹരിയായി മാറ്റപ്പെടുന്നത് വരെ വാർഷികമായി 12 ശതമാനമായിരിക്കും കടപ്പത്രങ്ങളുടെ കൂപ്പൺ റേറ്റായി തീരുമാനിച്ചിട്ടുള്ളത്.
അമേരിക്കയിൽ നിന്നു തന്നെയുള്ള ആഗോള സ്വകാര്യ ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ അപ്പോളോ ഗ്ലോബൽ മാനേജ്മെന്റുമായി ബൈജൂസ് പണമിടപാടിനുള്ള ചർച്ച നടത്തിയിരുന്നു. ഫണ്ടിനുള്ള വാഗ്ദാനം ലഭിച്ചിരുന്നു എങ്കിലും ഡേവിഡ്സൺ കെംപ്നർ ക്യാപിറ്റലുമായി ഇടപാട് നടത്താൻ ബൈജൂസ് തീരുമാനിക്കുകയായിരുന്നു എന്നും മേൽസൂചിപ്പിച്ച രണ്ട് പേരിലൊരാൾ പറഞ്ഞു. അതേസമയം ഇടപാട് സംബന്ധിച്ച് ബൈജൂസ് കമ്പനിയോട് ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇതുവരെ മറുപടി നൽകിയിട്ടില്ല.
ഡേവിഡ്സൺ കെംപ്നറിൽ നിന്നും ലഭിച്ച വായ്പ, ബൈജീസിന്റെ മൊത്തത്തിലുള്ള ബിസിനസ് പ്രവർത്തനം ശക്തിപ്പെടുത്താനായി ഉപയോഗിക്കാൻ സാധിക്കും. അതേസമയം ദേശീയ സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ബൈജൂസ് കമ്പനിയുടെ ഓഫീസുകളിൽ പരിശോധന നടത്തിയിട്ട് ഒരാഴ്ച മാത്രം പിന്നിടുമ്പോഴാണ് വിദേശത്ത് നിന്നും വായ്പ എത്തിയിരിക്കുന്നത്. 2011 മുതൽ ഇതവരെയുള്ള കാലയളവിലെ വിദേശ പണമിടപാട് സംബന്ധിച്ച വിശദാംശങ്ങൾ തേടിയായിരുന്നു ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.