കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട കനത്ത തിരിച്ചടിയിൽ പ്രതികരണവുമായി ഡോ.തോമസ് ഐസക്ക്

0
122

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട കനത്ത തിരിച്ചടിയിൽ പ്രതികരണവുമായി ഡോ.തോമസ് ഐസക്ക്. തിരഞ്ഞെടുപ്പിൽ ഏറ്റവും വിഷലിപ്തമായ വർഗീയ പ്രചരണം നടത്തിയ ബിജെപിയുടെ കരണം പുകച്ചിരിക്കുകയാണ് കർണാടകത്തിലെ ജനങ്ങളെന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം:

തിരഞ്ഞെടുപ്പിൽ ഏറ്റവും വിഷലിപ്തമായ വർഗീയ പ്രചരണം നടത്തിയ ബിജെപിയുടെ കരണം പുകച്ചിരിക്കുകയാണ് കർണാടകത്തിലെ ജനങ്ങൾ.

ഹിജാബിനെതിരെ വിഷം തുപ്പിയും മുസ്ലിം സംവരണം ഇല്ലാതാക്കുമെന്നു പ്രഖ്യാപിച്ചും കർണാടകത്തെ നെടുകെ വിഭജിച്ച് സംസ്ഥാന ഭരണം നിലനിർത്താമെന്നായിരുന്നു വ്യാമോഹം. ഏറ്റവുമൊടുവിൽ കേരള സ്റ്റോറിയെന്ന ഒരു തല്ലിപ്പൊളി സിനിമയിറക്കിയും ഭാഗ്യം പരീക്ഷിച്ചു നോക്കി. കേരളത്തിനെതിരെ അധിക്ഷേപപ്രസംഗവുമായി സാക്ഷാൽ അമിത് ഷാ തന്നെ രംഗത്തിറങ്ങി. അതൊന്നും വിലപോയില്ല.

ഇനി അറിയേണ്ടത് ഒരു കാര്യം മാത്രം. ബിജെപിയുടെ പണച്ചാക്കിൽ കർണാടകത്തിലെ കോൺഗ്രസ് എംഎൽഎമാർ വീഴുമോ? അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിൽ മോദിപ്രഭാവം മങ്ങുകയാണെന്നും ഈ തിരഞ്ഞെടുപ്പു തെളിയിച്ചു. എന്ത് അക്രമം കാണിച്ചാലും എത്ര അഴിമതി കാണിച്ചാലും മോദിയെക്കൊണ്ടൊരു കെട്ടുകാഴ്ചയ്ക്കിറക്കിയാൽ വോട്ടു മുഴുവൻ തങ്ങളുടെ പെട്ടിയിൽ വീഴുമെന്നായിരുന്നു ബിജെപിയുടെ അഹങ്കാരം. ആ പ്രതീക്ഷയും പാളീസായി. നരേന്ദ്രമോദി റോഡിലിറങ്ങി കൈവീശിയാൽ ജനം ക്യൂനിന്ന് വോട്ടു ചെയ്യുമെന്ന ബിജെപിയുടെ പ്രതീക്ഷ തെറ്റുന്നത് ഒരു നിത്യസംഭവമായിട്ടുണ്ട്. ഹിമാചൽ പ്രദേശും ദൽഹി മുനിസിപ്പൽ കോർപറേഷനും ബിജെപിയ്ക്കു നഷ്ടപ്പെട്ടു.

ഈയിടെ തിരഞ്ഞെടുപ്പു നടന്ന ത്രിപുര, നാഗലാന്റ്, മേഘാലയ സംസ്ഥാനങ്ങളിൽ ആകെ 180 സീറ്റുകളുണ്ട്. ശതമാനം എടുത്താൽ ബിജെപിക്ക് ത്രിപുരയിൽ 39 ശതമാനവും നാഗലാന്റിൽ 19 ശതമാനവും മേഘാലയിൽ 9 ശതമാനവും വോട്ടാണ് നേടാനായത്. മഹാരാഷ്ട്രയിലെയും പശ്ചിമബംഗാളിലെയും ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി തോറ്റു. ഇപ്പോൾ കർണ്ണാടകത്തിലും. ഇത് രാജ്യത്തു വന്നുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ്.

വരുന്ന പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ പ്രതിപക്ഷത്തിന് കഴിയും. ആ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന തെരഞ്ഞെടുപ്പു ഫലമാണ് കർണ്ണാടകം കാണിച്ചു തരുന്നത്. വടക്കേ ഇന്ത്യയും ബിജെപിയുടെ ഉരുക്കു കോട്ടയൊന്നുമല്ല. പ്രതിപക്ഷം ഒന്നിച്ചു നിന്നാൽ പരാജയപ്പെടുത്താവുന്ന ജനപിന്തുണയേ ബിജെപിയ്ക്കുള്ളൂ. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ഓരോ സംസ്ഥാനത്തും അനുയോജ്യമായ നിലപാടുകൾ സ്വീകരിക്കാൻ പ്രതിപക്ഷ കക്ഷികൾക്കു കഴിയണം.

ബിജെപിയുടെ ഭരണം അവസാനിപ്പിച്ച കർണാടകത്തിലെ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ.