സുഡാനില്‍ നിന്ന് സൗദിയില്‍ എത്തിയ ഉംറ തീര്‍ഥാടകരുടെ വിസാ കാലാവധി നീട്ടി നല്‍കും

0
31

സുഡാനില്‍ നിന്ന് സൗദിയില്‍ എത്തിയ ഉംറ തീര്‍ഥാടകരുടെ വിസാ കാലാവധി നീട്ടി നല്‍കും. സുഡാനി തീര്‍ഥാടകരെ സൗദിയിലുള്ളവര്‍ക്ക് കൂടെ താമസിപ്പിക്കാനും സൗദി ആഭ്യന്തര മന്ത്രാലയം സൗകര്യം ഒരുക്കി. സുഡാനില്‍ ആഭ്യന്തര കലാപം തുടരുന്ന പശ്ചാത്തലത്തിലാണ് സുഡാനി തീര്‍ഥാടകരുടെ വിസാ കാലാവധി നീട്ടി നല്‍കുന്നത്.

സൗദിയില്‍ നിന്നു സുഡാനിലേക്ക് മടങ്ങാന്‍ പ്രയാസമുള്ള തീര്‍ഥാടകരുടെ താമസ കാലയളവ് സൗജന്യമായി പുതുക്കി നല്‍കാന്‍ സല്‍മാന്‍ രാജാവ് പാസ്‌പോര്‍ട്ട് വിഭാഗത്തിന് നിര്‍ദേശം നല്‍കി. ഈ തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യാന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തു.

പദ്ധതി പ്രകാരം സൗദി പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും സുഡാനില്‍ നിന്നുള്ള തീര്‍ഥാടകരെ അവരുടെ അതിഥികളായി സ്വീകരിക്കാം. അബ്ശിര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയാണ് ഇതിന് അപേക്ഷ നല്‍കേണ്ടത്. തീര്‍ഥാടകരുടെ രേഖകളില്‍ അവര്‍ക്ക് സഹായം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ എഴുതിച്ചേര്‍ക്കും.

ഉംറ വിസയിലെത്തിയ തീര്‍ഥാടകരെ അവരുടെ ബന്ധുക്കളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഫാമിലി വിസിറ്റ് വിസയിലേക്ക് മാറ്റാനും സൗകര്യമുണ്ട്. മാനുഷിക പരിഗണന കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.