തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവും മുന്‍ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനെ എത്രയും പെട്ടന്ന് വിട്ടയയ്ക്കണമെന്ന് പാകിസ്താന്‍ സുപ്രിംകോടതി ഉത്തരവ്. ഇമ്രാന്‍ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമായിട്ടാണെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
15 വാഹനങ്ങളുടെ സുരക്ഷാ അകമ്പടിയോടെയാണ് ഇമ്രാനെ കോടതിയില്‍ ഹാജരാക്കിയത്. ഇസ്ലാമാബാദ് ഹൈക്കോടതി പരിസരത്ത് നിന്ന് ഇമ്രാനെ തടഞ്ഞുവച്ചതും തുടര്‍ന്ന് അറസ്റ്റ് ചെയ്തതും രാജ്യത്തിന്റെ നിയമ വ്യവസ്ഥയ്ക്ക് കനത്ത നാണക്കേടാണെന്ന് പാകിസ്താന്‍ ചീഫ് ജസ്റ്റിസ് ഉമര്‍ ബത്താ ബാന്‍ഡിയല്‍ വിമര്‍ശിച്ചു. ഖാന്റെ അറസ്റ്റിനെ ചോദ്യം ചെയ്തുള്ള പിടിഐയുടെ അപ്പീല്‍ പരിഗണിക്കുന്ന മൂന്നംഗ ബെഞ്ചിന്റെ അധ്യക്ഷതയില്‍ സംസാരിക്കവെയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ മുഹമ്മദ് അലി മസര്‍, അത്തല്‍ മിനല്ല എന്നിവരും ബെഞ്ചിലുണ്ട്.
നിയമപരമായാണ് ഇമ്രാന്‍ ഖാനെ എന്‍എബി അറസ്റ്റ് ചെയ്തതെന്ന ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്താണ് പിടിഐ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതി വളപ്പില്‍ വച്ച് അര്‍ധസൈനിക സേന ഇമ്രാനെ നാടകീയമായി അറസ്റ്റ് ചെയ്തതിന് പിന്നാലെ രൂക്ഷമായ പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളുമാണ് രാജ്യത്തിന്റെ വിവിധ മേഖകളില്‍ നടക്കുന്നത്.