വനിതാ സുഹൃത്തിനെ വിമാനയാത്രയ്ക്കിടെ കോക്പിറ്റില്‍ കയറ്റിയ എയര്‍ ഇന്ത്യ പൈലറ്റിനെ സസ്പെന്‍ഡ് ചെയ്തു.
ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് എയര്‍ഇന്ത്യ പൈലറ്റിനെ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. സുരക്ഷ പ്രശ്നം പരിഹരിക്കുന്നതില്‍ വീഴ്ചവരുത്തിയ എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴയിട്ടു. സഹപൈലറ്റിന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 27നാണ് വിവാദ സംഭവം ഉണ്ടായത്. യാത്രക്കാരിയായി എത്തിയ എയര്‍ ഇന്ത്യയിലെ വനിതാ ജീവനക്കാരി തന്നെയാണ് കോക്പിറ്റില്‍ കയറിയത്. ഇവരെ നിശ്ചിതകാലത്തേക്ക് ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തുന്നത് ഉള്‍പ്പടെയുള്ള നടപടികളെടുക്കാനും ഡിജിസിഎ എയര്‍ ഇന്ത്യയോട് നിര്‍ദേശിച്ചിട്ടുണ്ട്.
ദുബായില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള വിമാനത്തിലാണ് വിവാദ സംഭവം ഉണ്ടായത്. ഇക്കാര്യത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിക്കുകയും എല്ലാകാര്യങ്ങളും വിശദമായി പരിശോധിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. വിമാനത്തിലെ മറ്റ് ക്ര്യൂ അംഗങ്ങളാണ് ഇതു സംബന്ധിച്ച് ഡി.ജി.സി.എക്ക് പരാതി നല്‍കിയത്.
ദുബായില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന ഉടനെ പൈലറ്റ് വിമാനത്തിലെ യാത്രക്കാരിയായിരുന്ന പെണ്‍സുഹൃത്തിനെ കോക്പിറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. പിന്നീട് യാത്ര അവസാനിക്കുന്നത് വരെ ഏകദേശം മൂന്നു മണിക്കുര്‍ പെണ്‍സുഹൃത്ത് പൈലറ്റിനൊപ്പം കോക്പിറ്റില്‍ ഇരുന്നു.