സ്വവർഗ വിവാഹ ബെഞ്ച്; ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെ മാറ്റില്ല

0
45

സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ബെഞ്ചിൽ നിന്ന് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (CJI) ഡി വൈ ചന്ദ്രചൂഡിനെ മാറ്റണമെന്ന അപേക്ഷ സുപ്രീം കോടതി തള്ളി. ആൻസൺ തോമസ് എന്നയാൾ സമർപ്പിച്ച അപേക്ഷയാണ് സുപ്രീംകോടതി തള്ളിയത്.

നിലവിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ് കെ കൗൾ, എസ് ആർ ഭട്ട്, ഹിമ കോഹ്ലി, പി എസ് നരസിംഹ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കുന്നത് സംബന്ധിച്ച കേസ് പരിഗണിക്കുന്നത്.

സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കുന്ന വിഷയത്തിൽ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറണമെന്ന അപേക്ഷയെ വാദത്തിനിടെ കോടതിയിൽ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും എതിർത്തു. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഇന്ത്യയിൽ സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികളിൽ സുപ്രീം കോടതി ഏപ്രിൽ 18 മുതൽ വാദം കേൾക്കുകയാണ്. വ്യാഴാഴ്ച സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും.