താനൂരിൽ വിനോദസഞ്ചാര ബോട്ട് മുങ്ങിയ സംഭവത്തിൽ 3 പേർ കൂടി അറസ്റ്റിൽ

0
58

മലപ്പുറം താനൂരിൽ വിനോദസഞ്ചാര ബോട്ട് മുങ്ങി 15 കുട്ടികളുൾപ്പെടെ 22 പേർ മരിച്ച സംഭവത്തിൽ മൂന്ന് പേരെക്കൂടി അറസ്റ്റു ചെയ്തു. ബോട്ടിലെ സഹായികളായിരുന്ന അപ്പു, അനി, ബിലാൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബോട്ടുടമ നാസറും സ്രാങ്ക് ദിനേശനും നേരത്തെതന്നെ അറസ്റ്റിലായിരുന്നു. ബോട്ട് ഡ്രൈവർ ദിനേശനെ താനൂരിൽ വെച്ചാണ് പോലീസ് അറസ്റ്റു ചെയ്തത്. ശേഷം ഇന്നലെ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും തിരൂർ സബ് ജയിലിലേക്ക് മാറ്റുകയുമായിരുന്നു. ഇയാളെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് ഇന്ന് അപേക്ഷ നൽകും. താനൂരിൽ അപകട സമയത്ത് ബോട്ടിൽ 37 പേരാണ് ഉണ്ടായിരുന്നതെന്നാണ് റിമാൻഡ് റിപ്പോർട്ട്. വെറും 22 പേരെ മാത്രം ഉൾക്കൊള്ളിക്കാൻ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്. പരിധിയിലധികം ആളുകളെ കുത്തിനിറച്ചതാണ് അപകട കാരണം എന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബോട്ടിന്‍റെ ഡക്കിൽ പോലും ആളുകളെ കയറ്റിയിരുത്തി എന്നത് ശ്രദ്ധേയം.

ഇതിനിടയിൽ സർക്കാർ താനൂര്‍ ബോട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു. ജസ്റ്റിസ് വി കെ മോഹനന്‍റെ നേതൃത്വത്തിലുള്ള സമിതിയെയാണ് മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ യാനങ്ങളിലും സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താൻ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

താനൂർ‌‍ ബോട്ടപകടത്തിൽ വീണ്ടും അറസ്റ്റ്. ബോട്ട് ഡ്രൈവർ ദിനേശൻ പോലീസ് പിടിയിലായി. താനൂരിൽ നിന്ന് തന്നെയാണ് ഇയാൾ പിടിയിലായത്. ബോട്ട് മുങ്ങി അപകടം നടന്നതിന് പിന്നാലെ നീന്തി രക്ഷപ്പെട്ട ദിനേശൻ പിന്നീട് ഒളിവിൽ പോകുകയായിരുന്നു. സ്രാങ്കിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകളെ കുത്തി നിറച്ചതാണ് ബോട്ട് മറിയാൻ കാരണം. ബോട്ടിൽ 37 പേർ ഉണ്ടായിരുന്നു. ബോട്ടിന്റെ ഡെക്കുകളിൽ പോലും ആളുകളെ കുത്തിനിറച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇതോടെ ബോട്ടപകടവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായവരുടെ എണ്ണം 5 ആയി. മറ്റൊരു ബോട്ട് ജീവനക്കാരൻ കൂടി ഒളിവിൽ കഴിയുകയാണ്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഒളിത്താവളം കണ്ടെത്തിയതായും സൂചനയുണ്ട്. കേസിൽ മൂന്ന് പേർ ഇന്നലെ പിടിയിലായിരുന്നു. ബോട്ടുടമ നാസറിനെ രക്ഷപ്പെടാൻ സഹായിച്ച മൂന്ന് പേരാണ് പിടിയിലായത്. താനൂർ സ്വദേശികളായ സലാം, വാഹിദ്, മുഹമ്മദ് ഷാഫി എന്നിവരെയാണ് പോലീസ് പിടികൂടിയത്. അതേസമയം കഴിഞ്ഞ ദിവസം കാസർകോട് നിന്ന് പിടിയിലായ ബോട്ടുമ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റിമാൻഡ് ചെയ്ത നാസറിനെ തിരൂർ സബ്ജയിലിലേക്ക് മാറ്റി. പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ബോട്ടുടമയെ ഹാജരാക്കിയ കോടതിക്ക് മുന്നിൽ നാട്ടുകാരുടെ വലിയ പ്രതിഷേധമാണുണ്ടായത്.

താനൂർ ബോട്ട് ദുരന്തം നടന്ന സ്ഥലം ഇന്ന് മനുഷ്യാവകാശ കമ്മീഷൻ സന്ദർശിക്കും. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസ് എടുത്ത കമ്മീഷൻ മലപ്പുറം ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി, ആലപ്പുഴ ചീഫ് പോർട്ട് സർവേയർ എന്നിവരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.