ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്രന്യുന മർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത മണിക്കൂറുകളിൽ മോഖ ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. നാളെ (മെയ് 11) രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായും വൈകുന്നേരത്തോടെ മണിക്കൂറിൽ 160 km വരെ വേഗതയിൽ വീശിയടിക്കുന്ന അതിതീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് ദിശമാറി വടക്ക് – വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിച്ച് മെയ് 14 ന് ബംഗ്ലാദേശ് – മ്യാന്മാർ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീരം തൊടും മുമ്പേ ദുർബലമായേക്കും.
അതേസമയം കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് മഴ തുടരും. കൂടുതൽ മഴ മേഘങ്ങൾ കേരളത്തിന്‍റെ അന്തരീക്ഷത്തിലെത്താൻ മോഖ ചുഴലിക്കാറ്റ് കാരണമാകും. രണ്ട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളിലാണ് ശക്തമായ മഴ പെയ്യാൻ സാധ്യത. മലയോരമേഖലകളിൽ മഴ ശക്തമായേക്കുമെന്നതിനാൽ ജാഗ്രതാ നിർദ്ദേശമുണ്ട്. കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകരുത് എന്ന് നിര്‍ദ്ദേശമുണ്ട്.